റായ് എന്ന വിസ്മയം!

”റായ്‌യുടെ സിനിമ കണ്ടിട്ടില്ല എന്നാല്‍ സൂര്യനെയോ ചന്ദ്രനെയോ കാണാതെ ഭൂമിയില്‍ ജീവിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്.”
പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര നിര്‍മ്മാതാവ് അകീര കുറസോവയുടെ വാക്കുകളാണ് ഇത്.
ലോക സിനിമയില്‍ ഇന്ത്യയ്ക്ക് ഒരു മേല്‍വിലാസമുണ്ടാക്കിയ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് സത്യജിത് റായ്. ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 37 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1921 മെയ് 2ന് കൊല്‍ക്കത്തയിലാണ് റായ് ജനിച്ചത്.
ഒരു ഗ്രാഫിക് ഡിസൈനര്‍ എന്ന നിലയിലാണ് റായ് തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്.  1944-ല്‍ ബിഭൂതി ഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെ പഥേര്‍ പാഞ്ചാലി എന്ന നോവലിന്റെ കവര്‍ ഡിസൈന്‍ ചെയ്യാന്‍ വേണ്ടി ആ പുസ്തകം പരിചയപ്പെട്ട അദ്ദേഹം പിന്നീട് അത് സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബംഗാളി സാഹിത്യത്തിലെ എക്കാലത്തേയും വിശിഷ്ട കലാസൃഷ്ടികളുടെ ഗണത്തില്‍ പെടുത്താവുന്നതും 1928 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ ഈ നോവല്‍ ചലച്ചിത്രമാക്കിക്കൊണ്ടായിരുന്നു സത്യജിത് റായ് തന്റെ സിനിമാ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടത്. 1947-ല്‍ ചിദാനന്ദ ദാസ് ഗുപ്തയോടും മറ്റു പലരോടും ചേര്‍ന്ന് റായ് കല്‍ക്കട്ട ഫിലിം സൊസൈറ്റി ആരംഭിക്കുകയും അതിലൂടെ പല വിദേശ ചിത്രങ്ങള്‍ പരിചയപ്പെടാന്‍ അവസരം ലഭിക്കുകയും ചെയ്തു.
പഥേര്‍ പാഞ്ചാലി ഭാഗികമായി ആത്മകഥാപരമായ ഒരു കൃതിയായിരുന്നു. അപു (Apu) എന്ന ഗ്രാമീണ ബാലന്റെ കഥയാണിത്. സിനിമാ സാങ്കേതിക ലോകത്ത് അത്രയൊന്നും പരിചയമില്ലാത്ത കുറേ കലാകാരന്മാരെ ഒന്നിച്ചുകൂട്ടിയായിരുന്നു റായ് തന്റെ ആദ്യ ചലച്ചിത്രം ആരംഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം നീണ്ട 3 വര്‍ഷം കൊണ്ടാണ് റായ് ആ ചിത്രം പൂര്‍ത്തിയാക്കിയത്.
രണ്ടാമത്തെ ചിത്രമായ അപരിജിതോയുടെ  വിജയത്തോടു കൂടി റായിയുടെ രാജ്യാന്തര തലത്തിലുള്ള സ്ഥാനം കുറേക്കൂടി ദൃഢമായി. ഈ ചലച്ചിത്രം 1957 -ല്‍ വെനിസ് ചലച്ചിത്രോല്‍സവത്തില്‍ വച്ച് ഗോള്‍ഡന്‍ ലയണ്‍ (Golden Lion) പുരസ്‌കാരം നേടുകയുണ്ടായി. 1959 -ല്‍ ഈ പരമ്പരയുടെ അവസാന ഭാഗമായ അപുര്‍ സന്‍സാര്‍ (അപുവിന്റെ ലോകം) പുറത്തിറങ്ങി. ഈ മൂന്നാം ഭാഗം പുറത്തിറക്കുന്നതിന് മുന്‍പ് റായ് മറ്റു രണ്ടു ചിത്രങ്ങള്‍ കൂടി പൂര്‍ത്തിയാക്കുകയുണ്ടായി.1969 -ല്‍ റായ് തന്റെ ചലച്ചിത്രങ്ങളില്‍ ഏറ്റവും വിജയം നേടിയ ചിത്രം നിര്‍മ്മിച്ചു. തന്റെ മുത്തച്ചന്‍ എഴുതിയ ഒരു ബാലസാഹിത്യകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നിര്‍മ്മിച്ച ഗൂപ്പി ഗൈന്‍ ഭാഗ ബൈന്‍ (ഗൂപ്പിയുടേയും ഭാഗയുടേയും സാഹസങ്ങള്‍), ഒരു സംഗീത സാന്ദ്രമായ ഫാന്റസി ചിത്രമാണ്. ചെലവ് കുറയ്ക്കാന്‍ റായ് ഈ ചിത്രം ബ്ലാക്ക് & വൈറ്റിലാണ് ചിത്രീകരിച്ചത്.

ചിത്രത്തിന് കടപ്പാട് ഗൂഗിൾ

തിരക്കഥാരചന സംവിധാനരംഗത്ത് ഒരു അവിഭാജ്യഘടകമാണെന്ന് റായ് കരുതിയിരുന്നു. അതുകൊണ്ട് തന്നെയാണ് ആദ്യകാലങ്ങളില്‍ ബംഗാളി ഒഴിച്ചുള്ള ഒരു ഭാഷയിലും  ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യാതിരുന്നതും. അദ്ദേഹം സംവിധാനം ചെയ്ത രണ്ട് മറുഭാഷാ ചിത്രങ്ങളും റായ് തന്നെ ഇംഗ്ലീഷില്‍ തിരക്കഥ എഴുതിയതായിരുന്നു. സത്യജിത്ത് റായ് ബംഗാളി ബാലസാഹിത്യത്തില്‍ വളരെ പ്രശസ്തരായ രണ്ട് കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഫെലൂദ എന്ന കുറ്റാന്വേഷകനും പ്രൊഫസര്‍ ഷോങ്കു എന്ന ശാസ്ത്രജ്ഞനും.
തന്റെ നീണ്ട ചലച്ചിത്ര, സാഹിത്യ ജീവിതത്തിനിടയില്‍ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും റായിയെ തേടിയെത്തിയിട്ടുണ്ട്. 32 ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ റായ് നേടിയിട്ടുണ്ട്. മൂന്ന് ‘പദ്മ’ പുരസ്‌കാരങ്ങളും പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നവും (1992) നേടിയ രണ്ടു പേരില്‍ ഒരാളാണ് റായ്. ഓക്‌സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കിയപ്പോള്‍ ചാര്‍ലി ചാപ്ലിനു ശേഷം ചലച്ചിത്രരംഗത്തുനിന്നും അത് നേടുന്ന രാണ്ടാമത്തെ വ്യക്തിയായി സത്യജിത് റായ് മാറി. 1985-ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരവും (1985) റായിക്ക് ലഭിക്കുകയുണ്ടായി. 1992ല്‍ സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചു.
1992 ഏപ്രില്‍ 23-ന് അദ്ദേഹം കൊല്‍ക്കത്തയില്‍ അന്തരിച്ചു.

ചോദ്യങ്ങളും ഉത്തരങ്ങളും

1. ‘ദി ഇന്നര്‍ ഐ’ എന്ന സത്യജിത്ത് റായ്‌യുടെ ജീവചരിത്രം രചിച്ചതാര്?

– ആന്‍ഡ്രൂ റോബിന്‍സണ്‍

2. ഫാല്‍ക്കേ അവാര്‍ഡും ഭാരതരത്‌നവും നേടിയ പ്രഥമ വ്യക്തി

സത്യജിത് റായ്

3. സത്യജിത് റായിക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത് ഏതു വര്‍ഷം?
1992