അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്
കേരളത്തിലെ നാടക പ്രേമിക്കള്‍ക്കിടയില്‍ ഇന്നും നിറഞ്ഞ സ്വീകാര്യത ലഭിക്കുന്ന നാടകങ്ങളില്‍ ഒന്നാണ് 1929-ല്‍ വി. ടി. ഭട്ടതിരിപ്പാട് രചിച്ച ‘അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ തുറന്നുകാട്ടിയ ഈ നാടകം കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വലിയ സംഭാവനകളാണ് നല്‍കിയത്. 1929-ല്‍ തൃശ്ശൂരിനടുത്ത് എടക്കുന്നിലാണ് ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’ ആദ്യമായി അരങ്ങേറിയത്. അക്കാലത്തു നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരായുള്ള വി. ടി. യുടെ ഉറച്ച ശബ്ദമായി ഈ നാടകത്തെ കണക്കാക്കാം.
നാലു വട്ടം വേളി കഴിച്ച വൃദ്ധനായ കര്‍ക്കടകാം കുന്നത്ത് നമ്പൂതിരിക്ക് തന്റെ മകള്‍ തേതിയെ വിവാഹം കഴിച്ചുകൊടുക്കാന്‍ യാഥാസ്ഥിതികനായ വിളയൂര്‍ അച്ഛന്‍ നമ്പൂതിരി ആലോചിക്കുന്നതും തേതിയ്ക്ക് തന്റെ ബാല്യകാല സുഹൃത്തിനോടുണ്ടാവുന്ന പ്രണയവും അതിന്റെ അനന്തരഫലങ്ങളും വിജയവുമാണ് നാടകം പറയുന്നത്. നിരവധി വിവാഹങ്ങള്‍ കഴിഞ്ഞവര്‍ക്കും വൃദ്ധരായവര്‍ക്കും മക്കളെ വിവാഹം കഴിച്ച് കൊടുക്കുന്നതായിരുന്നു അന്നത്തെ നാട്ടുനടപ്പ്. ഇതിനെയെല്ലാം പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ‘അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്‘ ഓരോ വേദിയും വിട്ടത്. സ്ത്രീ വിമോചനം, ആധുനിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ പുരോഗമനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് വി. ടി. തന്റെ നാടകങ്ങളിലൂടെ നിരന്തരം ശ്രമിച്ചത്.
നാടകങ്ങള്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന വ്യക്തിയായിരുന്നില്ല വി. ടി. ഭട്ടതിരിയെന്ന മേഴത്തൂര്‍കാരന്‍. വേറിട്ട രചനകളിലൂടെയും പുരോഗമന പ്രസ്ഥാനങ്ങളിലൂടെയും കേരളം കണ്ട മികച്ച നവോത്ഥാന നായകന്മാരില്‍ ഒരാളാവാന്‍ വി. ടി. ക്കു കഴിഞ്ഞു. 1934 ല്‍ നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹത്തിന് കാര്‍മികത്വം വഹിച്ചതും വി.ടി. ഭട്ടതിരിപ്പാടാണ്. വിധവയും തന്റെ ഭാര്യാസഹോദരിയും കൂടിയായ ഉമാ അന്തര്‍ജനത്തെ സാഹിത്യകാരനും, സാമൂഹ്യപരിഷ്‌കര്‍ത്താവും, പത്രപ്രവര്‍ത്തകനുമായിരുന്ന എം. രാമന്‍ ഭട്ടതിരിപ്പാടിന് (എം.ആര്‍.ബി.) വിവാഹം ചെയ്തുകൊടുത്തുകൊണ്ടായിരുന്നു അത്. ‘വിദ്യാര്‍ത്ഥി’ എന്ന ദ്വൈവാരികയുടെ എഡിറ്ററായും ‘പശുപതം’, ‘ഉദ്ബുദ്ധ കേരളം’ എന്നിവയുടെ പത്രാധിപനായും പ്രവര്‍ത്തിച്ചു. 1970 ല്‍ ‘കണ്ണീരും കിനാവും’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു.
1982 ഫെബ്രുവരി 12 -ന് വി. ടി. ഭട്ടതിരിപ്പാട് മരണത്തിനു കീഴടങ്ങി.
ചോദ്യങ്ങളും ഉത്തരങ്ങളും
1. ‘എന്റെ സഹോദരീ സഹോദരന്മാരേ, കരിങ്കലിനെ കല്ലായിതന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും’ – ആരുടെ വചനം?
– വി. ടി. ഭട്ടതിരിപ്പാട്
2. മംഗളോദയത്തിന്റെ പ്രൂഫ് റീഡറായിരുന്ന സാമൂഹിക പരിഷ്‌കര്‍ത്താവ് ?
-വി. ടി. ഭട്ടതിരിപ്പാട്
3. ‘അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം രചിച്ചതാര്?
-വി. ടി. ഭട്ടതിരിപ്പാട്
4. വി. ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥ?
-‘കണ്ണീരും കിനാവും’
5. ‘അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം അരങ്ങേറിയ വര്‍ഷം?
–1929
0