ഇന്ത്യയുടെ വാനമ്പാടി
ഇന്ത്യയുടെ വാനമ്പാടി, മെലഡിയുടെ രാജ്ഞി, ഗാനകോകിലം എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് പ്രശസ്ത സിനിമാ പിന്നണി ഗായികയായിരുന്ന ലത മങ്കേഷ്‌കറിന്. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929-ല്‍ ഇന്‍ഡോറില്‍ ജനിച്ചു. പിതാവില്‍നിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയ അവര്‍ 1942-ല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നു.
1942-ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലാണ് ആദ്യമായി ഗാനമാലപിച്ചത്. എന്നാല്‍ ലത പാടിയ ഗാനം സിനിമയില്‍ നിന്നും നീക്കപ്പെടുകയായിരുന്നു. പക്ഷേ പിന്നീട് ആ വര്‍ഷം തന്നെ ലത, പാഹിലി മംഗള-ഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും ഗാനമാലപിക്കുകയും ചെയ്തു. 1943-ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് ലതയുടെ ഹിന്ദി സിനിമാ പ്രവേശം. ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത ‘രാ ദില്‍ തോഡാ’ ന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ചു. രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1974-ല്‍ റിലീസ് ചെയ്ത നെല്ല് എന്ന ചിത്രത്തിലെ ‘കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..’ എന്ന ഗാനത്തിലൂടെ മലയാളത്തിലുമെത്തി. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്. ഇക്കാര്യത്തില്‍ ഗിന്നസ് ലോക റെക്കോര്‍ഡും ഇവരുടെ പേരിലുണ്ട്.
1942-ല്‍ ആദ്യഗാനം റെക്കോര്‍ഡ് ചെയ്ത അന്നുമുതല്‍ ലത ഒരു അദ്ഭുത പ്രതിഭാസമായിരുന്നു. പിന്നണി ഗാനത്തിനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. പത്മഭൂഷണ്‍ (1969), ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് (1989), മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് (1998), പദ്മ വിഭൂഷണ്‍ (1999), രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ് (1996) എന്നിവയടക്കം അസംഖ്യം അവാര്‍ഡുകള്‍ ലതയെ തേടിയെത്തി. 2001-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നയും സമ്മാനിക്കപ്പെട്ടു. 1999 മുതല്‍ 2005 വരെ എന്‍.ഡി.എ മുന്നണിയുടെ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 2022 ഫെബ്രുവരി 6-ന് തന്റെ 92-ാം വയസ്സില്‍ മുംബൈയില്‍ വച്ച് കോവിഡ് രോഗബാധിതയായ ലത മങ്കേഷ്‌കര്‍ ലോകത്തോട് വിട പറഞ്ഞു.
ചോദ്യങ്ങളും ഉത്തരങ്ങളും
1. ഇന്ത്യയുടെ മെലഡി ക്വീന്‍ എന്നറിയപ്പെടുന്ന ഭാരതരത്‌ന ജേതാവ്?
ലതാ മങ്കേഷ്‌കര്‍
2. ലതാ മങ്കേഷ്‌കര്‍ക്ക് ഭാരതരത്‌ന ലഭിച്ചതെന്ന്?
2001-ല്‍
3. ലതാ മങ്കേഷ്‌കര്‍ പാടിയ മലയാള സിനിമ?
നെല്ല്
4. ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടിയ ഗായിക?
ലതാ മങ്കേഷ്‌കര്‍