“24 വർഷം 24 മണിക്കൂർ പോലെ തോന്നുന്നു”: റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു

20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷ താരമായ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ 2022 ലെ ലേവർ കപ്പിന് ശേഷം കായികരംഗത്ത് നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഫെഡറർ വിരമിക്കൽ തീരുമാനം അറിയിച്ചത്.
'41 വയസ്സായി 24 വർഷത്തെ കരിയറിനിടെ 1500ലധികം മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. സ്വപ്നം കണ്ടതിലും കൂടുതൽ ഉദാരമായാണ് ടെന്നീസ് എന്നോട് പെരുമാറിയത്. എന്റെ മത്സര ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു'- ഫെഡറർ പറഞ്ഞു. മത്സരരംഗത്തല്ലെങ്കിലും ടെന്നീസ് കളിക്കുന്നത് ഉപേക്ഷിക്കില്ലെന്നും ഇതിഹാസ താരം വ്യക്തമാക്കി.കുറച്ചുവർഷങ്ങളായി താരം പരിക്കുമൂലം ടെന്നീസിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.24 വർഷത്തെ ടെന്നീസ് കരിയറിൽ 103 കിരീടങ്ങൾ നേടിയിട്ടുണ്ട്. ദീർഘകാലം ടെന്നീസിൽ ലോക ഒന്നാം നമ്പറുകാരനായി തുടർന്നിരുന്നു.
2003 ൽ വിംബിൾഡൺ കിരീടത്തോടെ തന്റെ ആദ്യ ഗ്രാൻഡ് സ്ലാം നേടിയ അദ്ദേഹം പിന്നീട് 6 ഓസ്‌ട്രേലിയൻ ഓപ്പണുകൾ, 1 ഫ്രഞ്ച് ഓപ്പൺ,8 വിംബിൾഡൺ, 5 യുഎസ് ഓപ്പൺ കിരീടങ്ങൾ നേടി.