ഓര്‍മകളില്‍ നായനാര്‍

1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഇ. കെ നായനാര്‍. 11 വര്‍ഷം മുഖ്യമന്ത്രി പദത്തിലിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി.
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയില്‍ ഏറമ്പാല നാരായണി അമ്മയുടേയും എം. ഗോവിന്ദന്‍ നമ്പ്യാരുടേയും രണ്ടാമത്തെ മകനായി 1919 ഡിസംബര്‍ 9 നാണ് നായനാരുടെ ജനനം. സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനം തുടങ്ങി. കോണ്‍ഗ്രസിലെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയപ്പോള്‍ അവര്‍ക്കൊപ്പമായി പ്രവര്‍ത്തനം. 1967-ല്‍ പാലക്കാട് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനും തുടക്കമായി. എന്നാല്‍ 1971-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ യുവനേതാവ് കടന്നപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. 1964-ല്‍ രൂപീകരിക്കപ്പെട്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റി അംഗമായിരുന്ന നായനാര്‍ 1972-ല്‍ ആദ്യമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1992-ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോവിലും നായനാര്‍ എത്തി.

ചിത്രത്തിന് കടപ്പാട് ഗൂഗിൾ

കേരള നിയമസഭയിലേക്ക് നായനാര്‍ 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974-ലെ ഉപതിരഞ്ഞെടുപ്പില്‍ ഇരിക്കൂരില്‍നിന്ന് വിജയിച്ച് ആദ്യമായി സംസ്ഥാന നിയമസഭയിലെത്തി. 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ നിന്ന് വിജയിച്ചു. എ. കെ. ആന്റണി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ഗ്രൂപ്പ്, കെ. എം. മാണി നേതൃത്വം നല്‍കിയ കേരള കോണ്‍ഗ്രസ് (എം) എന്നീ ഘടകകക്ഷി വിഭാഗങ്ങളുടെ പിന്തുണയില്‍ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രിയുമായി. പക്ഷേ ആ സര്‍ക്കാര്‍ അധികനാള്‍ നിലനിന്നില്ല. 1982-ല്‍ മലമ്പുഴയില്‍ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി. 1996-ല്‍ അദ്ദേഹം മല്‍സരിച്ചില്ല. എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയില്‍ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന വി. എസ്. അച്യുതാനന്ദന്‍ മാരാരിക്കുളത്ത് തോറ്റതാണ് നായനാര്‍ക്ക് മൂന്നാമൂഴം സാധ്യമാക്കിയത്.
2004 മെയ് 19 നു ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് നായനാര്‍ അന്തരിച്ചു. രാഷ്ട്രീയപ്രവര്‍ത്തകനെന്നതിനൊപ്പം എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു നായനാര്‍. സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.

ചോദ്യങ്ങളും ഉത്തരങ്ങളും

1 . കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചപ്പോള്‍ മുഖ്യമന്ത്രിയായിരുന്നതാര്?

-ഇ. കെ. നായനാര്‍


2. കേരളം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രി?
– ഇ. കെ. നായനാര്‍ (4009 ദിവസം)


3 .  ഇ. കെ. നായനാരുടെ ആത്മകഥ?
– മൈ സ്ട്രഗിള്‍സ്