സിയാച്ചിനിലെ ആദ്യ വനിതാ സാന്നിധ്യം: ക്യാപ്റ്റന്‍ ശിവ ചൗഹാന്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ വിന്യസിക്കപ്പെട്ട ആദ്യ വനിതാ പട്ടാള ഓഫീസറാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന്‍. സിയാച്ചിനിലെ കുമാര്‍ പോസ്റ്റിലാണ് ചരിത്രത്തിലാദ്യമായി ഒരു വനിതാ ഓഫീസറെ നിയോഗിച്ചത്. എന്‍ഡുറന്‍സ് പരിശീലനം, ഐസ് വാള്‍ ക്ലൈംബിംഗ്, ഹിമപാതവും വിള്ളലുമുള്ളയിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം, അതിജീവന അഭ്യാസങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം കഠിന പരിശീലനം ലഭിച്ചവരെ മാത്രമാണ് കശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശമായ സിയാച്ചിനില്‍ നിയോഗിക്കുക. സമുദ്രനിരപ്പില്‍ നിന്നും 15,632 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഓക്സിജന്റെ ലഭ്യതയും ഈ പ്രദേശത്തു വളരെ കുറവാണ്.രാജസ്ഥാന്‍ സ്വദേശിനിയായ ശിവ ഉദയ്പൂരില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഉദയ്പൂരിലെ എന്‍ ജെ ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് സിവില്‍ എഞ്ചിനീറിങ്ങില്‍ ബിരുദം കരസ്ഥമാക്കി. കുട്ടിക്കാലം മുതല്‍ക്കുതന്നെ സായുധ സേനയില്‍ ചേരാന്‍ ശിവ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചെറു പ്രായത്തില്‍ തന്നെ അച്ഛന്‍ നഷ്ടമായ ശിവയെ വളര്‍ത്തിയതും കൂടെ നിന്നതും അമ്മയായിരുന്നു.

ബ്രേക്കിങ് ദി ഗ്ലാസ് സീലിങ് എന്ന അടിക്കുറിപ്പോടെ കരസേന തന്നെയായിരുന്നു ക്യാപ്റ്റന്‍ ശിവ ചൗഹാന്റെ നേട്ടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. മറ്റുള്ളവര്‍ക്ക് പ്രോത്സഹാനം നല്‍കുന്നതാണ് ക്യാപ്റ്റന്‍ ശിവയുടെ നേട്ടമെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.

ചോദ്യങ്ങളും ഉത്തരങ്ങളും

1.യുദ്ധഭൂമിയായ സിയാച്ചിനില്‍ നിയമിക്കപ്പെട്ട ആദ്യ വനിതാ പട്ടാള ഓഫീസര്‍?
-ക്യാപ്റ്റന്‍ ശിവ ചൗഹാന്‍

2.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി?
-സിയാച്ചിന്‍

3.ശിവ ചൗഹാന്റെ ജന്മദേശം?
-രാജസ്ഥാന്‍