തോമസ് അല്‍വാ എഡിസണ്‍ – കണ്ടുപിടിത്തങ്ങളുടെ രാജാവ്

വൈദ്യുത ബള്‍ബ്, ഫോണോഗ്രാഫ്, മോഷന്‍ പിക്ചര്‍ ക്യാമറ തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള മഹത്തായ നിരവധി കണ്ടെത്തലുകള്‍ നടത്തിയ വ്യക്തിയാണ് അമേരിക്കക്കാരനായ തോമസ് അല്‍വാ എഡിസണ്‍. 1,093 പേറ്റന്റ് സ്വന്തം പേരിലുള്ള വ്യക്തിയാണിദ്ദേഹമെന്നാണ് രേഖകള്‍ പറയുന്നത്. ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്നിലെ പ്രചോദനം തന്റെ അമ്മയായിരുന്നു എന്ന് എഡിസണ്‍ തുറന്നു പറഞ്ഞിട്ടുണ്ട്.1847-ല്‍ അമേരിക്കയിലെ മിലാനില്‍ ഒരു പാവപ്പെട്ട കുടുംബത്തിലാണ് എഡിസണ്‍ ജനിച്ചത്. പന്ത്രണ്ടാം വയസ്സുമുതല്‍ തീവണ്ടിയില്‍ പത്രവും മിഠായിയും വിറ്റ് ഉപജീവനം നടത്തിയ എഡിസണിന് ഒരു സ്റ്റേഷന്‍ മാസ്റ്ററുടെ മകനെ അപകടത്തില്‍നിന്നും രക്ഷിച്ചതിന് പ്രത്യുപകാരമായി ടെലിഗ്രാഫിന്റെ പ്രവര്‍ത്തനം പഠിക്കുവാന്‍ അവസരം ലഭിച്ചു. ടെലിഗ്രാഫ് ഓപ്പറേറ്ററുടെ ജോലിയില്‍ അമേരിക്കയിലുടനീളം സഞ്ചരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1868-ല്‍ ബോസ്റ്റണില്‍ താമസിച്ച് ഗവേഷണങ്ങളില്‍ എഡിസണ്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെവച്ച് തന്റെ ആദ്യ കണ്ടുപിടിത്തമായ ‘ഇലക്ട്രിക് വോട്ടിംഗ് യന്ത്രം’ (യാന്ത്രികമായി സമ്മതിദാനം രേഖപ്പെടുത്തുന്ന സംവിധാനം) ഉണ്ടാക്കി.

ആയിരത്തിലേറെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണു എഡിസണ്‍ ബള്‍ബ് ഉണ്ടാക്കുന്നതില്‍ വിജയിച്ചത്. ലോകത്തിലെ ആദ്യത്തെ, എക്‌സ്-റേ വികിരണങ്ങള്‍കൊണ്ട് റേഡിയോഗ്രാഫുകള്‍ എടുക്കാന്‍ കഴിയുന്ന ഫ്‌ലൂറോസ്‌കോപ്പ് നിര്‍മ്മിച്ചതിന്റെ പേരിലും എഡിസണ്‍ പ്രശസ്തനാണ്. വില്‍ഹെം റോണ്ട്‌ജെന്‍ എക്‌സ് റേ സ്‌ക്രീനിനായി ഉപയോഗിച്ചിരുന്ന ബേരിയം പ്ലാന്റിനോസയനൈഡിനുപകരം കൂടുതല്‍ വെളിച്ചമുള്ള ചിത്രം ലഭിക്കാനായി എഡിസണ്‍ കാല്‍ഷ്യം ടങ്‌സ്റ്റേറ്റ് ഫ്‌ലൂറോസ്‌കോപ്പി സ്‌ക്രീന്‍ വികസിപ്പിച്ചു. 1891 ലാണ് എഡിസണ്‍ ഒരു കൈനറ്റോസ്‌കോപ്പ് നിര്‍മ്മിച്ചത്. ഓഹരിവില പ്രദര്‍ശിപ്പിക്കുന്ന ടിക്കര്‍, ഇലക്ട്രിക് കാറിലുപയോഗിക്കാവുന്ന ബാറ്ററി, വൈദ്യുത ഉത്പാദന-വിതരണസംവിധാനങ്ങള്‍,  റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്രങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയും എഡിസണിന്റെ കണ്ടുപിടിത്തങ്ങളില്‍ പെടുന്നു.
പ്രമേഹരോഗത്തെ തുടര്‍ന്ന് 1931-ല്‍ എഡിസണ്‍ മരണമടഞ്ഞു. എഡിസനോടുള്ള ആദരസൂചകമായി എഡിസന്റെ അവസാനത്തെ ശ്വാസം ഡെട്രോയിറ്റിലുള്ള ഹെന്റി ഫോര്‍ഡ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ന്യൂ ജേഴ്‌സിയിലെ, വെസ്റ്റ് ഓറഞ്ചില്‍ 13.5 ഏക്കര്‍ സ്ഥലത്ത് എഡിസണ്‍ നാഷണല്‍ ഹിസ്റ്റോറിക് സൈറ്റ് എന്ന പേരിലുള്ള ഒരു നാഷണല്‍ പാര്‍ക്ക് പരിപാലിച്ചുപോരുന്നു. ഇത് എഡിസന്റെ ലബോറട്ടറിക്കും, വര്‍ക്ക്‌ഷോപ്പിനും, ലോകത്തെ ആദ്യത്തെ സിനിമ സ്റ്റുഡിയോ ആയ ബ്ലാക്ക് മാരിയക്കും അടുത്താണ് സ്ഥിതിചെയ്യുന്നത്.

ചോദ്യങ്ങളും ഉത്തരങ്ങളും

1. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാര്?
   -തോമസ് അല്‍വാ എഡിസണ്‍
2. ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
   -തോമസ് അല്‍വാ എഡിസണ്‍
3. പ്രതിഭയെന്നാല്‍ ഒരു ശതമാനം പ്രചോദനവും 99 ശതമാനം പ്രയത്‌നവുമാണ് എന്നു പറഞ്ഞതാര്?
   -തോമസ് അല്‍വാ എഡിസണ്‍