ചന്ദ്രനിലേക്കുള്ള യാത്രയില്‍ സ്‌നൂപി നായയും

ബഹിരാകാശ യാത്രകളില്‍ യാത്രികരെയും ഭൂമിയിലുള്ളവരെയും  ബഹിരാകാശത്തെത്തി എന്ന് അറിയിക്കുന്നത് ഭാരം കുറവുള്ള പാവകളാണ്.    ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായുള്ള മനുഷ്യരില്ലാത്ത യാത്രയില്‍ ബഹിരാകാശത്തെത്തുന്ന  വിവരം അറിയിക്കുക പറന്നു നടക്കുന്ന സ്‌നൂപിയായിരിക്കും.  1950 ല്‍ അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റായ ചാള്‍സ്. എം. ഷുല്‍സ് ആണ് സ്‌നൂപിയെ ആദ്യം വരക്കുന്നത്. പിന്നീട് ലോകത്തിന്റെ പലഭാഗത്തും ചാള്‍സിനേക്കാള്‍ പ്രസിദ്ധി സ്‌നൂപിക്ക് ലഭിച്ചു.  ചാള്‍സിന്റെ ഏറ്റവും പ്രസിദ്ധമായ കാര്‍ട്ടൂണ്‍ കഥാപാത്രവും സ്‌നൂപി തന്നെ .ആദ്യമായല്ല സ്‌നൂപി അമേരിക്കന്‍ ബഹിരാകാശ പദ്ധതികളുടെ ഭാഗമാവുന്നത്. അപ്പോളോ 10 ദൗത്യത്തിന്റെ ഭാഗമായുള്ള ലൂണാര്‍ മൊഡ്യൂളിന് സ്‌നൂപി എന്നാണ് പേരിട്ടിരുന്നത്.  ഓറഞ്ച് നിറത്തിലുള്ള ബഹിരാകാശ സ്യൂട്ടും ഗ്ലൗവും ബൂട്ടും ധരിച്ചുകൊണ്ടായിരിക്കും  സ്‌നൂപി ആര്‍ട്ടിമിസ് 1 ദൗത്യത്തിന്റെ ഭാഗമാവുക. പ്രത്യേകം സെന്‍സറുകളോ ക്യാമറയോ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ സ്‌നൂപിയിലുണ്ടാവില്ല. സീറോ ഗ്രാവിറ്റിയിലെത്തിയെന്ന് സ്വയം പറന്നു നടന്ന് ലോകത്തെ അറിയിക്കുക എന്ന ലളിതവും സുപ്രധാനവുമായ ദൗത്യം നിര്‍വഹിക്കാന്‍  ഇതൊന്നിന്റേയും ആവശ്യമില്ലെന്നതാണ് വസ്തുത.