ഇന്ന് ലോക അല്‍ഹ്‌സൈമേഴ്‌സ് ദിനം

അല്‍ഹ്‌സൈമേഴ്‌സ് (Alzheimer's) രോഗത്തെക്കുറിച്ചും ഡിമെന്‍ഷ്യയെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനും രോഗാവസ്ഥയില്‍ കഷ്ടപ്പെടുന്നവരെ പിന്തുണയ്ക്കുന്നതിനും വേണ്ടി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ന് ലോക അല്‍ഹ്‌സൈമേഴ്‌സ് ദിനമായി ആചരിക്കുന്നു. അല്‍ഹ്‌സൈമേഴ്‌സ് എന്നാല്‍ മറവിരോഗം! ഇതൊരു മസ്തിഷ്‌ക രോഗമാണ്. ഒരാളെ മറവിയിലേക്ക് നയിക്കുന്ന രോഗം.1901ല്‍ ജര്‍മന്‍ മാനസികരോഗ വിദഗ്ധനും ന്യൂറോപാത്തോളജിസ്റ്റുമായ
Alois Alzheimer ആണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി മനസ്സിലാക്കിയത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് രോഗത്തിന് ഈ പേരിട്ടത്. 1984 ല്‍ ലണ്ടന്‍ ആസ്ഥാനമായി രൂപീകരിക്കപ്പെട്ട അല്‍ഹ്‌സൈമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ (Alzheimer's Disease International (ADI)) എന്ന ആഗോള സംഘടനയുടെ പത്താം വാര്‍ഷിക സമ്മേളനത്തിലാണ് (എഡിന്‍ബര്‍ഗില്‍) ആദ്യമായി അല്‍ഹ്‌സൈമേഴ്‌സ് ദിനാചരണം എന്ന ആശയം ഉടലെടുത്തത്.
'ഡിമെന്‍ഷ്യയെ അറിയാം അല്‍ഹ്‌സൈമേഴ്‌സിനെ അറിയാം' (Know dementia, know Alzheimer's) എന്നതാണ്  2022 വര്‍ഷത്തെ അല്‍ഹ്‌സൈമേഴ്‌സ് ദിനാചരണത്തിന്റെ തീം.