കേരളത്തിന്റെ സ്വന്തം നിശബ്ദ താഴ്‌വര

കേരളത്തിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കാണ് പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ദേശീയോദ്യാനത്തിനുള്ളത് (Silent Valley National Park). 1984-ലാണ് സൈലന്റ് വാലിയെ കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴ സൈലന്റ് വാലിയിലൂടെയാണ് ഒഴുകുന്നത്. സാധാരണ കാടുകളില്‍ കണ്ടുവരുന്ന ചീവീടുകളുടെ സാന്നിധ്യം ഒട്ടും തന്നെയില്ലാത്തതു കൊണ്ടാണ് ഈ താഴ്‌വരയ്ക്ക് സൈലന്റ് വാലി എന്ന പേര് ലഭിച്ചത്. 2012 ല്‍ യുനെസ്‌കോ സൈലന്റ് വാലിയെ ലോകപൈതൃക പദവി (World Heritage Site) നല്‍കി ആദരിച്ചു. ആയിരത്തിലേറെ ഇനം പുഷ്പിത സസ്യങ്ങള്‍ സൈലന്റ് വാലിയില്‍ കണ്ടെത്തിയിട്ടുണ്ട്. 110 ലേറെ ഇനം ഓര്‍ക്കിഡുകളും നിശാശലഭങ്ങളുടെ 400 ഇനങ്ങളും 200 ലേറെ ഇനം ചിത്രശലഭങ്ങളും ഇതുവരെ സൈലന്റ് വാലി മേഖലയില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സിംഹവാലന്‍ കുരങ്ങുകളും (Lion-tailed Macaque) കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലും (Great Indian Hornbill) ഇവിടെ ധാരാളമായി കാണപ്പെടുന്നു.89.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദേശീയോദ്യാനം സഹ്യപര്‍വതനിരകളില്‍ നിലനില്‍ക്കുന്ന ഏക നിത്യഹരിത വനമാണ്.

സൈരന്ധ്രിവനം എന്നും സൈലന്റ് വാലി അറിയപ്പെട്ടു വരുന്നു. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് കനത്ത മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ്. സൈലന്റ് വാലിയിലെ കുന്തിപ്പുഴയില്‍ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 1973-ല്‍ പ്ലാനിങ് കമ്മീഷന്‍ സംസ്ഥാനസര്‍ക്കാരിന് അനുമതി നല്‍കിയതോടെയാണ് സൈലന്റ് വാലി വിവാദങ്ങളില്‍ നിറയുന്നത്. 830 ഹെക്ടര്‍ വനം വെള്ളത്തിലാഴ്ത്തുന്ന പദ്ധതിക്കായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും രാജ്യവ്യാപകമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്രസിദ്ധ പരിസ്ഥിപ്രവര്‍ത്തകനായിരുന്ന പ്രൊഫ. എം. കെ. പ്രസാദ് എഴുതിയ ‘സൈലന്റ് വാലിയെ രക്ഷിക്കൂ’ എന്നലേഖനംപ്രക്ഷോഭംമുഖ്യധാരയിലേക്കെത്തിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.

ചോദ്യങ്ങളും ഉത്തരങ്ങളും

1.കേരളത്തില്‍ അവശേഷിക്കുന്ന ഏക മഴക്കാട് ഏതാണ്?

-സൈലന്റ് വാലി ദേശീയോദ്യാനം

2.. സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല?

-പാലക്കാട്

3.സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?

-കുന്തിപ്പുഴ

4.സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് ഔപചാരികമായി ഉദ്ഘാടനം ചെയ്തത് ആര്?

-രാജീവ് ഗാന്ധി

5.സൈലന്റ് വാലിയില്‍ കാണപ്പെടുന്ന പ്രത്യേക ഇനം കുരങ്ങുകള്‍?

-സിംഹവാലന്‍ കുരങ്ങുകള്‍