ബ്രിട്ടനില്‍ ചരിത്രം കുറിച്ച് ഋഷി  സുനക്

ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തിച്ചേരുകയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് എന്ന 42 വയസ്സുകാരന്‍. ബ്രിട്ടനില്‍ എറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിനു പകരമായാണ് സുനക് ചുമതലയേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് എത്താന്‍ തുടങ്ങിയത് 60 കളിലും 70 കളിലും നടന്ന കുടിയേറ്റത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ്. എന്നാല്‍ ഇന്ന് ഇന്ത്യന്‍ വംശജരായ രാഷ്ട്രീയക്കാര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നു ഇന്ത്യന്‍ വംശജരായ പൗരന്മാരുടെ രാഷ്ട്രീയ സ്വാധീനം കുടിയേറ്റക്കാര്‍ക്ക് യുകെയിലുള്ള വോട്ടുകള്‍ എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങളായി കണക്കാക്കുന്നത്. ഒരു ഇന്ത്യന്‍ വംശജന്‍ എങ്ങനെയാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തലപ്പത്ത് എത്തിയത് എന്നു നോക്കാം. 2010 ലാണ് ഋഷി സുനക് കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്. 2015 മെയ് മാസത്തില്‍ റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി ഋഷി ബ്രിട്ടീഷ് പാര്‍ലമെന്റെലെത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അണികള്‍ക്കിടയില്‍ ഋഷി അതിവേഗം സ്വീകാര്യനാകുകയായിരുന്നു. 2017 പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2020 ഫെബ്രുവരിയിലാണ് ഋഷി സുനക്കിനെ ധനമന്ത്രിയായി അപ്പോഴത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നിയമിച്ചത്. കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ഋഷി നടപ്പാക്കിയ പദ്ധതികള്‍ അദ്ദേഹത്തെ ബ്രിട്ടീഷ് ജനതയുടെ പ്രിയങ്കരനാക്കി. കോവിഡ് കാലത്ത് സാധാരണ ജനങ്ങളുടെ തൊഴില്‍ നിലനിര്‍ത്താന്‍ വേറിട്ട പദ്ധതികള്‍ ആവിഷ്‌കരിച്ചതും സുനക്കിനു ബ്രിട്ടനില്‍ വലിയ പിന്‍ബലം നേടിക്കൊടുത്തു.

യശ്വീര്‍ സുനക് -ഉഷ ദമ്പതിമാരുടെ മൂന്നു മക്കളില്‍ മുതിര്‍ന്നവനായി 1980 മേയ് 12ന് സതാംപ്ടണിലാണ് ഋഷിയുടെ ജനനം. ബ്രിട്ടനിലെ ഓക്സ്ഫഡ്, അമേരിക്കയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സുനക്, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെയും സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയുടെയും മകള്‍ അക്ഷതയെയാണ് വിവാഹം ചെയ്തത്. രാഷ്ട്രീയത്തില്‍ കൈവയ്ക്കും മുന്‍പ് തന്നെ ബ്രിട്ടനില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നു സുനക്. പല അന്താരാഷ്ട്ര കമ്പനികളിലും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്തു. ഈ അനുഭവങ്ങള്‍ അദ്ദേഹത്തെ രാഷ്ട്രീയത്തിലും ശോഭിക്കാന്‍ സഹായിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടനെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയായ സുനകിനാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ചോദ്യങ്ങളും ഉത്തരങ്ങളും

1 . ഋഷി സൂനക് ബ്രിട്ടൻ പ്രധാനമന്ത്രിയായ വർഷം ?

– 2022

2 . ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആര് ?

– മാർഗരറ്റ് താച്ചർ

3. യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിലാസം എന്ത് ?

-ഡോണിംഗ് സ്ട്രീറ്റ്

4. ബ്രിട്ടന്റെ ആദ്യ പ്രധാന മന്ത്രിയായ വ്യക്തി ?

-റോബർട്ട് വാൾപോൾ (Robert Walpole)

5. ഋഷി സുനക് ഏത് രാജ്യത്തിന്റെ പ്രധാന മന്ത്രിയാണ് ?

-ബ്രിട്ടൺ