ആറ്റിങ്ങല്‍ കലാപം അഞ്ചുതെങ്ങിലെ രക്തച്ചൊരിച്ചില്‍  

1721 ലെ ആറ്റിങ്ങല്‍ കലാപം ( Attingal Revolt) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപമായി കണക്കാക്കപ്പെടുന്നു. കേരളത്തിലെ എന്നു മാത്രമല്ല ഇന്ത്യയിലെ തന്നെ ആദ്യ സാമ്രാജ്യത്വ വിരുദ്ധ ജനകീയ കലാപമായും ആറ്റിങ്ങല്‍ കലാപത്തെ പല ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു. വേണാട് രാജാവായിരുന്ന രവിവര്‍മ്മയുടെ (1611-1663) പിന്‍ഗാമിയായി അധികാരമേറ്റ ആദിത്യവര്‍മ്മയുടെ ഭരണകാലത്താണ് ആറ്റിങ്ങല്‍ പ്രക്ഷോഭം നടക്കുന്നത്.1684 ല്‍ വ്യാപാരാവശ്യത്തിനുള്ള ഒരു പാണ്ടികശാല നിര്‍മിക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി അഞ്ചുതെങ്ങില്‍ കുറച്ചു സ്ഥലം ആറ്റിങ്ങല്‍ റാണിയില്‍ നിന്നും പതിച്ചുവാങ്ങിയതോടെയാണ് ഇംഗ്ലീഷ് ആധിപത്യത്തിന് കളമൊരുങ്ങിയത്. പിന്നീട് കുരുമുളക് വ്യാപാരത്തിന്റെ മുഴുവന്‍ കുത്തകയും ഇംഗ്ലീഷുകാര്‍ക്ക് എഴുതി നല്‍കാന്‍ ആറ്റിങ്ങല്‍ റാണി നിര്‍ബന്ധിതയാകുകയായിരുന്നു.

ആറ്റിങ്ങല്‍ റാണി ഒപ്പുവച്ച ഉടമ്പടി പ്രകാരം രാജ്യത്ത് വിളയുന്ന കുരുമുളക് മുഴുവന്‍ കമ്പനിക്ക് അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് നല്‍കണം. മറ്റാരെങ്കിലും കുരുമുളക് വാങ്ങുകയോ കടല്‍മാര്‍ഗം കൊണ്ടുപോവാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അവ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പിടിച്ചെടുക്കാം. എന്നാല്‍ ബ്രിട്ടീഷുകാര്‍ കുരുമുളക് വിലയില്‍ വലിയ കൃത്രിമം കാട്ടിയത് പ്രാദേശിക കര്‍ഷകരെ കഷ്ടത്തിലാക്കി. പ്രാദേശിക കര്‍ഷകരുടെ വരുമാനം നന്നേ കുറഞ്ഞു. എന്നാല്‍ ഇംഗ്ലീഷുകാര്‍ കുരുമുളകു വ്യാപാരത്തില്‍നിന്നും വലിയ ആദായം ഉണ്ടാക്കി. 1697 ല്‍ നാട്ടുകാര്‍ അഞ്ചുതെങ്ങിലെ ഫാക്ടറി ആക്രമിച്ചുവെങ്കിലും ലക്ഷ്യം പാളി. അഞ്ചുതെങ്ങ് കേന്ദ്രമാക്കി വലിയ എതിര്‍പ്പുകളൊന്നുമില്ലാതെ പിന്നെയും ബ്രിട്ടീഷുകാര്‍ വാണു.

ആറ്റിങ്ങല്‍ റാണിക്ക് ബ്രിട്ടീഷുകാര്‍ ഒരു വാര്‍ഷിക സമ്മാനം നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. 1721 ഏപ്രില്‍ 15 ന് കപ്പവും പാരിതോഷികങ്ങളുമായി കോട്ടയുടെ ചുമതലക്കാരനായ ഗീഫോര്‍ഡ് അടക്കമുള്ള 140 പേരടങ്ങുന്ന സംഘം റാണിയെ കാണാന്‍ പുറപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്ക് തിരിച്ചടി നല്‍കാന്‍ അനുയോജ്യമായ സന്ദര്‍ഭം ഇതാണെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ സംഘടിച്ചു.പ്രദേശവാസികളില്‍നിന്നും ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തില്‍ ഗീഫോര്‍ഡ് അടക്കമുള്ളവര്‍ കൊല്ലപ്പെട്ടു. എന്നാല്‍ റാണിയുടെ അറിവോടുകൂടിതന്നെയാണ് ആറ്റിങ്ങല്‍ കലാപം ഉണ്ടായെതെന്നു ഒരു വിഭാഗം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കൊച്ചിയില്‍ നിന്നും കൂടുതല്‍ സൈന്യത്തെ എത്തിച്ചാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി കലാപത്തെ ചെറുത്തത്.

ചോദ്യങ്ങളും ഉത്തരങ്ങളും

1. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം?

– എ.ഡി 1721

2. ആറ്റിങ്ങല്‍ കലാപത്തില്‍ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ?

– ഗീഫോര്‍ഡ്

3. ആറ്റിങ്ങല്‍ കലാപം നടന്ന കാലത്തെ വേണാട് ഭരണാധികാരി ?

-ആദിത്യ വര്‍മ്മ

4. ആറ്റിങ്ങല്‍ കലാപാനന്തരം ഒപ്പുവെച്ച ഉടമ്പടി ?

– വേണാട് ഉടമ്പടി