ഇന്ത്യയുടെ സുപ്രീം കോടതി

ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി (Supreme Court of India). രാജ്യത്തിന്റെ അന്തിമ അപ്പീല്‍ കോടതിയാണിത്. 1950 ജനുവരി 26 നാണു ഇന്ത്യയില്‍ സുപ്രീം കോടതി നിലവില്‍ വന്നത്. ഇന്ത്യന്‍ ഭരണഘടന ഒരു ചീഫ് ജസ്റ്റിസും 7 ജഡ്ജിമാരും അടങ്ങുന്ന സുപ്രീം കോടതിയാണ് വിഭാവനം ചെയ്തതെങ്കിലും പിന്നീട് സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം പാര്‍ലമെന്റ് വര്‍ദ്ധിപ്പിച്ചു. നിലവില്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഉള്‍പ്പെടെ 34 ജഡ്ജിമാര്‍ സുപ്രീം കോടതിയിലുണ്ട്. ഒരു ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിച്ചുകിട്ടുന്നതിനു സുപ്രീം കോടതിയില്‍ പരാതി ബോധിപ്പിക്കാവുന്നതാണ് അതുപോലെ തന്നെ സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികള്‍ക്കും ഒരേപോലെ ബാധകമാണ്.

സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കാം

ഹൈക്കോടതികളുടെയും മറ്റ് കോടതികളുടെയും ട്രൈബ്യൂണലുകളുടെയും വിധികള്‍ക്കെതിരായ അപ്പീലുകള്‍ സുപ്രീം കോടതിക്ക് സ്വീകരിക്കാം. വിവിധ സര്‍ക്കാര്‍ അധികാരികള്‍ തമ്മിലുള്ളതോ, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ളതോ, കേന്ദ്രവും ഏതെങ്കിലും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ളതോ ആയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെട്ടിരിക്കുന്നു. സ്വമേധയാ കേസ് എടുക്കാനുള്ള അധികാരവും ഇന്ത്യന്‍ ഭരണഘടന സുപ്രീം കോടതിക്ക് നല്‍കുന്നുണ്ട്. കോടതിയുടെ കീഴ്‌വഴക്കങ്ങളും നടപടിക്രമങ്ങളും നിയന്ത്രിക്കുന്നതിന് രാഷ്ട്രപതിയുമായി കൂടിയാലോചിക്കാന്‍ ഇന്ത്യന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ട്. കൂടാതെ സുപ്രീം കോടതി വിധികള്‍ ഇന്ത്യയിലെ എല്ലാ കോടതികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാധകമാണ്. ആര്‍ട്ടിക്കിള്‍ 124 അനുസരിച്ച്, സുപ്രീം കോടതിയിലെ ഓരോ ജഡ്ജിയെയും, കൊളീജിയം നല്‍കുന്ന ശുപാര്‍ശ പ്രകാരം രാഷ്ട്രപതിയാണ് നിയമിക്കുക.

സുപ്രീം കോടതി ജഡ്ജിയാവാനുള്ള അടിസ്ഥാന യോഗ്യതകള്‍ എന്തെല്ലാം?
1.  65 വയസ്സ് കഴിയാത്ത ഇന്ത്യന്‍ പൗരനായിരിക്കണം.
2.  ഒന്നോ അതിലധികമോ ഹൈക്കോടതികളില്‍ കുറഞ്ഞത് 5 വര്‍ഷമെങ്കിലും ജഡ്ജിയായിരുന്നിരിക്കണം.
3. കുറഞ്ഞത് 10 വര്‍ഷമായി ഒന്നോ അതിലധികമോ ഹൈക്കോടതികളില്‍ അഭിഭാഷകനായിരിക്കണം

ചോദ്യങ്ങളും ഉത്തരങ്ങളും

1. ഇന്ത്യയില്‍ സുപ്രീം കോടതി നിലവില്‍ വന്ന വര്‍ഷം?
 –1950
2. ഇന്ത്യയുടെ അന്തിമ കോടതി എന്നറിയപ്പെടുന്നത്?
– സുപ്രീം കോടതി
3. സുപ്രീം കോടതിയില്‍ എത്ര ജഡ്ജിമാര്‍ ആവാം?
 –34 (ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ)
4. സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതാര്?
-പ്രസിഡന്റ്‌