ഏഷ്യയിലെ ഏറ്റവും വലിയ വനിതാ സംഘടനാ സംവിധാനം
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച സംവിധാനമാണ് കുടുംബശ്രീ. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന് കീഴിലായാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് ബഹു: മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയ് കുടുംബശ്രീ പ്രോജക്ടിന്റെ ഉദ്ഘാടനം ചെയ്തു. 1999 ഏപ്രില്‍ 1 ന് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഇന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്.കേരളത്തില്‍ അതിവേഗം പടര്‍ന്ന് പന്തലിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കേരളത്തിലെ സ്ത്രീകളെ പൊതുരംഗത്തേക്കും സാമ്പത്തിക രംഗത്തേക്കും കൈ പിടിച്ചുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് കുടുംബശ്രീ വഹിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഇന്ന് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വ്യത്യസ്ത രൂപങ്ങളില്‍ മാറ്റങ്ങള്‍ക്ക് കാരണമായിരിക്കുന്നു. സാമ്പത്തിക-സാമൂഹ്യ ശാക്തീകരണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമാണിത്. ഓരോ പ്രദേശത്തെയും കുടുംബങ്ങളില്‍ നിന്നും 18 വയസ്സ് പൂര്‍ത്തിയായ ഓരോ സ്ത്രീയെ വീതം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന, 10 മുതല്‍ 20 വരെ അംഗങ്ങള്‍ ഉള്ള അയല്‍ക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം.ഏഷ്യയിലെ സ്ത്രീകളുടെ ഏറ്റവും വലിയ മുന്നേറ്റങ്ങളില്‍ ഒന്നാണ് കേരളത്തിന്റെ കുടുംബശ്രീ. ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പങ്കാളിത്തം, വരുമാനം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ എന്നിവ നേടിയെടുക്കുന്നതിലൂടെ ദാരിദ്ര്യം തുടച്ചു നീക്കുന്നതിനും സാമൂഹിക ഉയര്‍ച്ച സാധ്യമാക്കുന്നതിനുമാണ് കുടുംബശ്രീ ലക്ഷ്യമിട്ടത്.
കുടുംബശ്രീയുടെ ചില പദ്ധതികള്‍ പരിചയപ്പെടാം; 1. ആട് ഗ്രാമം, ക്ഷീരസാഗരം ആട്, പശു വളര്‍ത്തല്‍ പരിപോഷിപ്പിക്കുന്നതിന് കുടുംബശ്രീ ആവിഷ്‌കരിച്ച ശ്രദ്ധേയമായ സംരംഭങ്ങളാണ് ഈ പദ്ധതികള്‍. 2. കഫേ കുടുംബശ്രീ ഗുണമേന്മയുളള ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കുടുംബശ്രീ മുന്‍കൈയെടുത്ത് രൂപം നല്‍കിയ ഹോട്ടല്‍ ശൃംഖലയാണ് കഫേ കുടുംബശ്രീ അഥവാ കുടുംബശ്രീ ഹോട്ടലുകള്‍. 3. 'BUDS' സ്‌കൂളുകള്‍ അംഗവൈകല്യവും മാനസിക വൈകല്യവും ഉള്ള കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 31 സ്‌കൂളുകള്‍ 'BUDS' എന്ന പേരില്‍ ആരംഭിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. 4. പലിശ കുറഞ്ഞ ലോണ്‍ കുടുംബശ്രീ കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വയം സഹായ സംഘങ്ങളുടെ മൊത്തം വായ്പാ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തിയതോടെ കുടുംബശ്രീ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് നിലവില്‍ ഇരട്ടി തുകയുടെ ലോണ്‍ ലഭ്യമാണ്.
കുടുംബശ്രീ പദ്ധതികള്‍ ചുരുക്കത്തില്‍ :
- സ്‌പെഷല്‍ സ്‌കൂള്‍ : ബഡ്‌സ് സ്‌കൂള്‍
- പോഷകാഹാര പദ്ധതി : അമൃതം
- ഖരമാലിന്യ സംസ്‌കരണ പദ്ധതി : തെളിമ
- സുരക്ഷിത യാത്രയ്ക്കുള്ള ടാക്‌സി സര്‍വ്വീസ് : കുടുംബശ്രീ ട്രാവല്‍സ്
- സ്വയം തൊഴില്‍ പദ്ധതി : പശുസഖി
- യുവജനങ്ങളെ സ്വയംതൊഴില്‍ പ്രോത്സാഹിപ്പിച്ച് പുതിയ സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്ന പദ്ധതി : യുവശ്രീ
- അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി : ആശ്രയ
- അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതി : സ്‌നേഹിത
- ചെറുകിട സംരംഭങ്ങള്‍ ലാഭകരമാക്കുന്നതിനുള്ള പദ്ധതി : ജീവനം ഉപജീവനം
- മൊത്ത ഉത്പാദന വിതരണ ശൃംഖല ശക്തമാക്കുന്ന പദ്ധതി : സമഗ്ര
- ഭവന നിര്‍മാണ പദ്ധതി : ഭവനശ്രീ
- ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി : തീര്‍ത്ഥം
- കുടുംബശ്രീയുടെ സ്വന്തം വെബ് പോര്‍ട്ടല്‍ : ശ്രീശക്തി (SREESAKTHI)
- നാടകട്രൂപ്പ് : രംഗശ്രീ (Rangasree)
- പത്രം : ഫ്രെയിം ശ്രീ വോയ്‌സ് (Frame Shree Voice)
- റേഡിയോ പ്രോഗ്രാം : മീന
- ഹോട്ടല്‍ : കഫേശ്രീ (Cafe Sree)
- സഞ്ചരിക്കുന്ന റസ്റ്റോറന്റ് : ഫുഡ് ഓണ്‍ വീല്‍
ചോദ്യങ്ങളും ഉത്തരങ്ങളും
1. കുടുംബശ്രീ പദ്ധതി നിലവില്‍ വന്ന വര്‍ഷം?
–1998 മെയ് 17
2. ഏറ്റവും കൂടുതല്‍ കുടുംബശ്രീ യൂണിറ്റുകള്‍ ഉള്ള ജില്ല?
-തിരുവനന്തപുരം
3. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍?
-സ്ത്രീ ശാക്തീകരണം, പ്രാദേശിക സാമ്പത്തിക വികസനം,ദാരിദ്ര്യ നിര്‍മാര്‍ജനം
4. കുടുംബശ്രീ ജൈവകൃഷിയുടെ ബ്രാന്‍ഡ് അംബാസിഡര്‍?
-മഞ്ജു വാര്യര്‍
0