ഖത്തര്‍ ലോകകപ്പിന് (FIFA World Cup) തുടക്കമായി.

 ദോഹയുടെ ഹൃദയഭൂമിയില്‍ നിന്ന് 60 കിലോമീറ്ററോളം അകലെ അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ഫുട്‌ബോള്‍ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകള്‍ അരങ്ങേറി.8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോകകപ്പിനായി കളത്തിലിറങ്ങുന്നത്. മത്സരക്രമം വ്യക്തമാക്കുന്ന മാച്ച് ഫിക്‌സ്ചര്‍ ഫിഫ നേരത്തെ പുറത്തിറക്കിയിരുന്നു. ഉദ്ഘാടനച്ചടങ്ങിലെ വിസ്മയങ്ങള്‍ ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ സാക്ഷ്യം വഹിച്ചു. ‘വക്കാ വക്കാ’ ഗാനത്തിലൂടെ ലോകത്തെ മുഴുവന്‍ ത്രസിപ്പിച്ച കൊളംബിയന്‍ പോപ്പ് ഗായിക ഷാക്കിറ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനച്ചടങ്ങ് കൊഴുപ്പിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലും 8 മത്സരവേദികളുടെ ചുറ്റുമായും വിനോദപരിപാടികള്‍ ഉണ്ടാകും. ഫാന്‍ സോണുകള്‍ക്ക് പുറമേ, രാജ്യത്തുടനീളമായുള്ള 21 പ്രദേശങ്ങളിലായി സാംസ്‌കാരിക പരിപാടികള്‍ നടക്കും.
ആതിഥേയരായ ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ്. നവംബര്‍ 20ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇക്വഡോറിനൊപ്പമായി. ഇരുപത്തി രണ്ടാമത് ലോകകപ്പിന് ഖത്തര്‍ വേദിയാവുമ്പോള്‍ പ്രത്യേകതകള്‍ ഏറെയാണ്. അതിലൊന്നാണ് സൂപ്പര്‍ താരങ്ങളെ നിയന്ത്രിക്കാന്‍ ഇത്തവണ വനിതാ റഫറിമാരും ഉണ്ടാകുമെന്നത്. ചരിത്രം കുറിച്ച് കൊണ്ട് 3 വനിതാ റഫറിമാരാകും മത്സരങ്ങള്‍ നിയന്ത്രിക്കുക. ഫുട്ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ റഫറിമാരെ ഉള്‍പ്പെടുത്തിയത്.

എങ്ങനെ കാണാം?

പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉറക്കമൊഴിച്ചിരുന്ന് ഇന്ത്യക്കാര്‍ക്ക് കളി കാണേണ്ടി വരില്ല. ലോകകപ്പ് സംപ്രേഷണത്തിലും ഇത്തവണ ഒട്ടേറെ പുതുമകളുണ്ട്. മത്സരത്തിന്റെ സംപ്രേഷണാവകാശം 195
രാജ്യങ്ങളിലും റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ഫിഫ വിറ്റത്. റിലയസിന്റെ ഉടമസ്ഥതയിലുള്ള വിയാകോം 18 സ്പോര്‍ട്സ് ആണ് ഇന്ത്യയില്‍ ലോകകപ്പ് ആരാധകരിലേക്ക് എത്തിക്കുന്നത്. സ്പോര്‍ട്സ് 18, സ്പോര്‍ട്സ് 18 എച്ച്.ഡി ചാനലുകളിലൂടെയും ജിയോ സിനിമ ആപ്പുവഴിയും ആരാധകര്‍ക്ക് ഫുട്ബോള്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും. മത്സരങ്ങള്‍ വിശദീകരിക്കാനായി മുന്‍ ഫുട്ബോള്‍ താരങ്ങളായ ലൂയിസ് ഫിഗോ, വെയ്ന്‍ റൂണി, റോബര്‍ട്ട് പൈറസ്, സോള്‍ കാംപല്‍, ഗില്‍ബെര്‍ട്ടോ സില്‍വ എന്നിവരുണ്ടാവും. മലയാളത്തിലും ഫുട്ബോള്‍ കമന്ററി ഉണ്ടാവും.

ചോദ്യങ്ങളും ഉത്തരങ്ങളും

1. ആദ്യ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടന്ന വര്‍ഷം ഏത്? എവിടെ വെച്ച്?
 1930, ഉറുഗ്വായ്
2. ലോകകപ്പ് ചരിത്രത്തില്‍ ഒരു ചാംപ്യന്‍ഷിപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം?
 ജസ്റ്റ് ഫൊണ്ടെയ്ന്‍ (Just Fontaine), 13 ഗോളുകള്‍ – 1958ല്‍
3. ഏറ്റവും കൂടുതല്‍ തവണ ലോകകിരീടം നേടിയ ടീം?  
 ബ്രസീല്‍
4. 2022 ലെ ലോകകപ്പ് നടക്കുന്നത് എവിടെ?
 ഖത്തര്‍