തിരുവിതാംകൂറിന്റെ ഝാന്‍സി റാണി

സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനയായ ധീര വനിതയാണ് 1909 ഫെബ്രുവരി 14-ന് കോട്ടയം കാഞ്ഞിരപ്പിള്ളിയില്‍ ജനിച്ച അക്കമ്മ ചെറിയാന്‍. തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്ന പേരിലാണ് ഈ ധീര വനിത അറിയപ്പെടുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ അറിയപ്പെടാതെ പോയ നായികമാരില്‍ ഒരാളാണ് കേരളത്തിന്റെ അക്കമ്മ. ഇന്ത്യന്‍ മുന്നേറ്റ ചരിത്രത്തിലേയും കേരള രാഷ്ട്രീയ ചരിത്രത്തിലേയും ഒഴിച്ചുകൂടാനാവാത്ത ഉജ്ജ്വല വ്യക്തിത്വമാണ് അവര്‍.1938-ല്‍ അക്കമ്മ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്രധാനാധ്യാപികയായിരുന്ന കാലത്താണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപവക്കരിക്കപ്പെടുന്നതും ഉത്തരവാദിത്ത ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതും. കാഞ്ഞിരപ്പിള്ളിയിലെ കോണ്‍ഗ്രസ്സ് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് യുവതികള്‍ രംഗത്തിറങ്ങിയപ്പോള്‍ അതിന്റെ നേതൃത്വം അക്കമ്മയ്ക്കായിരുന്നു. 1938-ല്‍ കോണ്‍ഗ്രസ് വനിതാ വിഭാഗമായ ദേശസേവികാ സംഘ് കമാന്‍ഡന്റ് ആയി വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്തതിനും 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തതിനും 1946-ല്‍ നിയമം ലംഘിച്ചതിനും 1947-ല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രസ്ഥാനത്തെ എതിര്‍ത്തതിനും ജയില്‍വാസം അനുഭവിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947 -ല്‍ കാഞ്ഞിരപ്പിള്ളിയില്‍ നിന്ന് തിരുവിതാംകൂര്‍ നിയമസഭയിലേക്ക് എതിരില്ലാതെ അക്കമ്മ തെരഞ്ഞെടുക്കപ്പെട്ടു.

1950 -കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാറുന്ന പ്രത്യയശാസ്ത്രങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. എന്നാല്‍, 1967 -ല്‍ അവര്‍ കാഞ്ഞിരപ്പിള്ളിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് അക്കമ്മ ചെറിയാന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷയായി. തന്റെ ജീവിത വഴികള്‍ അലങ്കാരങ്ങളോ അതിശയോക്തിയോ ഇല്ലാതെ സത്യസന്ധമായി അക്കമ്മ ചെറിയാന്‍ ആത്മകഥയായ ‘ജീവിതം ഒരു സമരം‘ എന്ന പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.1982 – നു ആ മഹദ് വ്യക്തിത്വം ഇഹലോകവാസം വെടിഞ്ഞു.

ചോദ്യങ്ങളും ഉത്തരങ്ങളും

1. ‘തിരുവിതാംകൂറിന്റെ ത്സാന്‍സി റാണി’ എന്നറിയപ്പെടുന്നത്?
 -അക്കമ്മ ചെറിയാന്‍
2. അക്കമ്മ ചെറിയാന്‍ അന്തരിച്ചത്?
 –1982 മെയ് 5
3. ‘അക്കമ്മ ചെറിയാന്‍’ എന്ന കൃതി രചിച്ചതാര്?
 -ആര്‍. പാര്‍വ്വതി ദേവി