അനന്തതയെ അറിഞ്ഞ മനുഷ്യന്‍; ശ്രീനിവാസ രാമാനുജന്‍

ലോകപ്രസിദ്ധി നേടിയ ഭാരതീയ ഗണിതശാസ്ത്രജ്ഞരില്‍ പ്രധാനിയാണ് ശ്രീനിവാസ രാമാനുജന്‍. 1887 ഡിസംബര്‍ 22 ന് കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാരുടേയും കോമളത്തമ്മാളിന്റെയും ആറു മക്കളില്‍ മൂത്തമകനായി തമിഴ്‌നാട്ടിലെ ഒരു ദരിദ്രകുടുംബത്തിലാണ് രാമാനുജന്‍ ജനിച്ചത്. ഒരു വസ്ത്രവ്യാപാരക്കടയിലെ ഗുമസ്തനായിരുന്ന പിതാവിന്റെ വരുമാനം വളരെ തുച്ഛം. അതുകൊണ്ടു തന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം മക്കള്‍ക്കു കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്നിട്ടും സ്വന്തം പ്രതിഭ കൊണ്ടു മാത്രം ഉന്നതിയിലെത്തിയ ചരിത്രമാണ് രാമാനുജന്റേത്.മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പു നേടി 1904ല്‍ കുംഭകോണം ഗവണ്‍മെന്റ് കോളേജില്‍ ചേര്‍ന്ന രാമാനുജന്റെ ശ്രദ്ധ ഗണിതത്തില്‍ മാത്രമായിരുന്നു. എന്നാല്‍  മറ്റു വിഷയങ്ങളിലെല്ലാം തോറ്റതിനാല്‍ അദ്ദേഹത്തിന് തന്റെ സ്‌കോളര്‍ഷിപ്പ് നഷ്ടമായി. പിന്നീട് മദ്രാസില്‍ ഒരു ഗുമസ്തനായി ജോലി നോക്കിയിരുന്ന അദ്ദേഹത്തിന്റെ പ്രതിഭ മനസ്സിലാക്കിയ അന്നത്തെ ഇംഗ്ലീഷുകാരായ മേധാവികളുടെ പ്രേരണയില്‍ വിഖ്യാത ബ്രിട്ടീഷ് ഗണിതജ്ഞനായിരുന്ന ജി. എച്ച്. ഹാര്‍ഡിക്ക് കത്തയച്ചു. ഹാര്‍ഡി രാമാനുജനെ ഇംഗ്ലണ്ടിലേക്ക് ക്ഷണിക്കുകയും കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്തു. കേംബ്രിഡ്ജിലെ നാളുകള്‍ രാമാനുജന് ഒട്ടും തന്നെ സുഖപ്രദമായിരുന്നില്ല. എങ്കിലും എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് അദ്ദേഹം ഹാര്‍ഡിയുടെ കീഴില്‍ തന്റെ ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അടിസ്ഥാന വിദ്യാഭ്യാസമില്ലാതിരുന്നിട്ടും ചട്ടങ്ങളില്‍ ഇളവു നല്‍കി 1916 മാര്‍ച്ച് 16-ന് കേംബ്രിഡ്ജ് സര്‍വകലാശാല രാമാനുജന് `ബാച്ചിലര്‍ ഓഫ് സയന്‍സ് ബൈ റിസേര്‍ച്ച് ബിരുദം’ നല്‍കി. തന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 1918 ഫെബ്രുവരി 28 ന് അദ്ദേഹത്തിന് റോയല്‍ സൊസൈറ്റി അംഗത്വം ലഭിക്കുകയുണ്ടായി. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനായിരുന്നു രാമാനുജന്‍.

 

കേംബ്രിഡ്ജിലെ ഗവേഷണങ്ങള്‍ തുടര്‍ന്നു വരവേ ക്ഷയരോഗം ബാധിച്ച അദ്ദേഹം പ്രത്യേക സാനറ്റോറിയത്തില്‍ ചികിത്സയിലായി. രാമാനുജന്‍ സുഖമില്ലാതെ ആശുപത്രിയില്‍ കഴിയുന്ന കാലത്ത് പ്രൊഫസര്‍ ഹാര്‍ഡി അദ്ദേഹത്തെ കാണാനെത്തി. രോഗം രാമാനുജനെ വല്ലാതെ അലട്ടിയിട്ടും അവരുടെ സംഭാഷണം സംഖ്യകളെ കുറിച്ചായിരുന്നു. എല്ലാ സംഖ്യകള്‍ക്കും പ്രത്യേകതകളുണ്ടെന്ന രാമാനുജന്റെ അഭിപ്രായം പ്രൊഫസര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. തന്റെ കാറിന്റെ നമ്പര്‍ 1729 ആണെന്നും ആ സംഖ്യയില്‍ യാതൊരു പ്രത്യേകതയും ഇല്ലെന്നും പ്രൊഫസര്‍ പറഞ്ഞു. രണ്ടു ക്യൂബുകളുടെ തുകയായി രണ്ടു തരത്തില്‍ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729. അതായത് 1729 = 12^3 + 1^3 = 10^3 + 9^3. ഇതുപറയാന്‍ രാമാനുജന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ഈ സംഖ്യ പിന്നീട് രാമാനുജന്‍ സംഖ്യ എന്ന പേരില്‍ പ്രസിദ്ധമായി.
രോഗം മൂര്‍ച്ഛിച്ചപ്പോള്‍ 1919-ല്‍ ഇന്ത്യയിലേയ്ക്കു മടങ്ങേണ്ടിവന്നു. 1920-ല്‍ തന്റെ 32-ാം വയസില്‍ ആ മഹാപ്രതിഭ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനായി മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ആരംഭിച്ച രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നും പ്രവര്‍ത്തിച്ചു വരുന്നു. ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം നല്‍കിവരുന്ന പുരസ്‌കാരമാണ് രാമാനുജന്‍ അവാര്‍ഡ്. 32 വയസ്സിനു താഴെയുള്ള ഗണിതശാസ്ത്ര പ്രതിഭകള്‍ക്ക് 2005 മുതല്‍ ഈ അവാര്‍ഡ് നല്‍കി വരുന്നു. രാമാനുജന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബര്‍ 22 ദേശീയ ഗണിതശാസ്ത്രദിനമായും ആചരിക്കുന്നു.

ചോദ്യങ്ങളും ഉത്തരങ്ങളും

1. രാമാനുജന്‍ ഏതു വിഷയത്തിലാണ് പ്രസിദ്ധന്‍ ?
-ഗണിതം
2. ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കപ്പെടുന്ന ദിനം?
-ഡിസംബര്‍ 22
3. രാമാനുജന്‍ സംഖ്യ എന്നറിയപ്പെടുന്നത് ?
-1729
4. രാമാനുജന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഇംഗ്ലീഷ് സിനിമ ഏത്?
-The Man Who Knew Infinity  (2015)