കഥകളി

കേരളത്തിന് രാജ്യാന്തര അംഗീകാരം നേടിക്കൊടുത്ത കലാരൂപമാണ് കഥകളി. നൃത്തനൃത്യനാട്യങ്ങളും സംഗീതം, സാഹിത്യം എന്നിവയും ഒത്തുചേര്‍ന്ന ഉത്കൃഷ്ട കലാരൂപമാണിത്. കൊട്ടാരക്കരത്തമ്പുരാന്‍ രൂപംകൊടുത്ത രാമനാട്ടത്തിന്റെ പരിഷ്‌കൃതരൂപമാണ് കഥകളി എന്ന് വിശ്വസിക്കപ്പെടുന്നു. രാമനാട്ടത്തെ പരിഷ്‌കരിച്ച് അഭിനയപ്രാധാന്യമുള്ളതാക്കി മാറ്റിയത് വെട്ടത്തുരാജാവാണ്. ഈ മാറ്റത്തിനാണ് ‘വെട്ടത്തുസമ്പ്രദായമെന്നു പറയുന്നത്. വീണ്ടുമൊരു പരിഷ്‌കാരം വരുത്തിയത് കപ്ലിങ്ങാട്ടു നമ്പൂതിരിയാണ്. വേഷവിധാനത്തിനാണ് ഇത് പ്രാധാന്യം നല്‍കുന്നത്. ഇത് ‘കപ്ലിങ്ങാട്ട് സമ്പ്രദായം‘ എന്നറിയപ്പെടുന്നു.ഇതര കേരളീയകലകളോട് ആഴത്തിലുള്ള ബന്ധമാണ് കഥകളിക്കുള്ളത്. കൂടിയാട്ടം, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, അഷ്ടപദിയാട്ടം, കൃഷ്ണനാട്ടം, യാത്രക്കളി (ശാസ്ത്രക്കളി), കളരിപ്പയറ്റ് തുടങ്ങിയ കലകള്‍ കഥകളിയുടെ രൂപനിര്‍മ്മിതിക്കും ഭാവാവിഷ്‌കരണത്തിനും മാര്‍ഗദര്‍ശകങ്ങളായിട്ടുണ്ട് . കൂടാതെ പടയണി, കോലംതുള്ളല്‍, തെയ്യം, തിറ, മുടിയേറ്റ്, തീയാട്ട് തുടങ്ങിയ കലകളും കഥകളിയുടെ രൂപീകരണത്തിനു സഹായിച്ചിട്ടുണ്ട് . കഥകളിയുടെ രൂപശില്‍പ്പം തികച്ചും കേരളീയമാണ്.

കഥകളിയുടെ ചടങ്ങുകള്‍

കേളികൊട്ട്- കഥകളിയുടെ ആദ്യ ചടങ്ങാണിത്. ഏതെങ്കിലുമൊരു സ്ഥലത്ത് കഥകളിയുണ്ടന്ന് നാട്ടുകാരെ അറിയിക്കുന്ന ചടങ്ങാണിത്. ചെണ്ട , ചേങ്ങില, മദ്ദളം, ഇലത്താളം എന്നിവ ഉപയോഗിച്ചുള്ള വാദ്യമേളമാണ് കേളികൊട്ട്.
അരങ്ങുകേളി – അരങ്ങില്‍ വിളക്കുകത്തിച്ചുവയ്ക്കുന്നതോടെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഉപയോഗിച്ചു നടത്തുന്ന മേളമാണ് അരങ്ങുകേളി. ഈ ചടങ്ങ് കേളിക്കൈ എന്നും അറിയപ്പെടുന്നു.
തോടയം – അരങ്ങുകേളി കഴിഞ്ഞാല്‍ രണ്ടു കുട്ടിവേഷക്കാര്‍ തിരശ്ശീലയ്ക്കു പിറകില്‍നിന്നു നടത്തുന്ന സ്തുതിപരമായ നൃത്തമാണ് തോടയം.
വന്ദനശ്ലോകം – തോടയത്തിനുശേഷം പാട്ടുകാര്‍ ഇഷ്ടദേവതാസ്തുതിപരമായ വന്ദനശ്ലോകങ്ങള്‍ ആലപിക്കുന്നു.
പുറപ്പാട് – വന്ദനശ്ലോകത്തിന് പിന്നാലെ കഥാരംഭത്തിലുള്ള ശ്ലോകം പാടുമ്പോള്‍ നായികാനായകന്മാരുടെ പുറപ്പാടായി.
മേളപ്പദം – കഥ തുടങ്ങുന്നതിനു മുമ്പ് അഷ്ടപദിഗീതമായ ‘മഞ്ജുതര കുഞ്ജലത…’
പാടുന്ന ചടങ്ങാണിത്.

കഥാഭിനയം – വേഷക്കാര്‍ അരങ്ങിലെത്തി അഭിനയം തുടങ്ങുന്നു.

കഥകളിവേഷങ്ങള്‍


പച്ച:- സത്വഗുണപ്രധാനരായ ധീരോദാത്ത നായകന്മാര്‍ക്കാണ് പച്ചവേഷം. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, നളന്‍, അര്‍ജുനന്‍, ഇന്ദ്രന്‍ തുടങ്ങിയവര്‍ പച്ചവേഷക്കാരാണ്.
കത്തി:- രജോഗുണപ്രധാനമായ കഥാപാത്രങ്ങള്‍ക്കാണ് കത്തിവേഷം. പ്രതിനായകന്മാര്‍ കത്തിവേഷക്കാരായിരിക്കും. വീരരസമാണ് പ്രധാനഭാവം. കുറുംകത്തി, നെടുംകത്തി എന്നിങ്ങനെ കത്തിവേഷത്തെ രണ്ടായി തിരിച്ചിട്ടുണ്ട് . ദുര്യോധനനും രാവണനും കുറുംകത്തിയാണ്. ഘടോല്‍ക്കചന്‍, കാലകേയന്‍, ഹിഡുംബന്‍
തുടങ്ങിയവരാണ് നെടുംകത്തി വേഷക്കാര്‍.
താടി:– വെള്ളത്താടി, ചുവന്നതാടി, കറുത്തതാടി എന്നിങ്ങനെ താടിവേഷക്കാര്‍ മൂന്നു വിഭാഗമുണ്ട് . സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിഭജനം. ഹനുമാന് വെള്ളത്താടിയാണ്. ബാലി, സുഗ്രീവന്‍, പ്രഹസ്തന്‍, ത്രിഗര്‍ത്തന്‍ തുടങ്ങിയവര്‍ ചുവന്നതാടിക്കാരാണ്. കലിക്ക് കറുത്തതാടിയാണ്. രൗദ്രഭാവമുള്ള തമോഗുണമാണ് ഇവരുടെ പ്രത്യേകത.
കരി:– തമോഗുണമുള്ളവര്‍ക്കാണ് കരിവേഷം. ശൂര്‍പ്പണഖ, പൂതന, സിംഹിക, താടക എിവര്‍ പെകരിവേഷമാണ്. കാട്ടാളന്‍ ആകരിവേഷമാണ്.
മിനുക്ക്:– സന്ന്യാസിമാര്‍, സ്ത്രീകള്‍, ബ്രാഹ്‌മണര്‍, ദൂതന്‍മാര്‍ എന്നിവരാണ് മിനുക്കുവേഷക്കാര്‍. ഇതിലെ സ്ത്രീവേഷക്കാരുടെ വസ്ത്രധാരണത്തിലും ആഭരണങ്ങളിലും ചെറിയ വ്യത്യാസം കാണാന്‍ കഴിയും.

കഥകളിയിലെ അഭിനയം
ആംഗികം, വാചികം, സാത്വികം, ആഹാ ര്യം എന്നിങ്ങനെ നാലുവിധത്തിലാണ് കഥകളിയിലെ അഭിനയം.
ആംഗികം:- അംഗചലനങ്ങളിലൂടെയുള്ള അഭിനയം
വാചികം:- വാക്കുകളിലൂടെയുള്ള അഭിനയം. പാട്ടുകാര്‍ പാടുന്ന പദങ്ങളാണ് കഥകളിയിലെ വാചികാഭിനയം
സാത്വികം:- രസാഭിനയമാണ് സാത്വികം
ആഹാര്യം:- വേഷവിധാനങ്ങളിലൂടെയുള്ള അഭിനയം

കഥകളി മുദ്രകള്‍
1.പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കര്‍ത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അര്‍ധചന്ദ്രം, 13.മുകുരം,
14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീര്‍ഷം, 19.സര്‍പ്പശിരസ്സ്, 20.വര്‍ദ്ധമാനകം, 21.അരാളം, 22.ഊര്‍ണ്ണനാഭം, 23.മുകുളം, 24.കടകാമുഖം.

കേരളകലാമണ്ഡലം

കേരളകലാമണ്ഡലം

തൃശൂര്‍ ജില്ലയില്‍ ചെറുതുരുത്തി എന്ന ഗ്രാമത്തില്‍ ഭാരതപ്പുഴയുടെ തീരത്താണ് കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. 1930-ല്‍ വള്ളത്തോള്‍ നാരായണമേനോനും മണക്കുളം മുകുന്ദരാജയും ചേര്‍ന്നാണ് ഈ സ്ഥാപനത്തിന് രൂപം നല്‍കിയത്. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളല്‍, പഞ്ചവാദ്യം, ഭരതനാട്യം തുടങ്ങിയ കലകള്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട് . ഗുരുകുലസമ്പ്രദായത്തിലാണ് ഇവിടെ അധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയാറാക്കിയ കളരികളുണ്ട് . കലാമണ്ഡലം ഇന്ന് കല്പിതസര്‍വകലാശാലയാണ്. സ്വദേശികളും വിദേശികളുമടക്കം നിരവധിപേര്‍ കലാമണ്ഡലത്തെയും കലകളെയും കുറിച്ച് മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നു.

ചോദ്യങ്ങളും ഉത്തരങ്ങളും

1.. ഒരേസമയത്ത് ‘കലകളുടെ രാജാവും’, ‘രാജാക്കന്മാരുടെ കലയും’ എന്നറിയപ്പെടുന്ന കലാരൂപം?

-കഥകളി

2.കഥകളിയുടെ ആദിരൂപം അറിയപ്പെടുന്നത്?

-രാമനാട്ടം

3..കഥകളിയുടെ സാഹിത്യരൂപം ഏതു പേരിലറിയപ്പെടുന്നു ?

-ആട്ടക്കഥ