നേതാജി എന്ന ധീര പോരാളി
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി ഭാരതീയരുടെ ഹൃദയത്തില്‍ ഇടം നേടിയ വ്യക്തിയായിരുന്നു നേതാജി എന്ന് അറിയപ്പെട്ടിരുന്ന സുഭാഷ് ചന്ദ്രബോസ്. തുടര്‍ച്ചയായി രണ്ട് തവണയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് സൈന്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനായി അദ്ദേഹം ആസാദ് ഹിന്ദ് ഫൗജ് (Indian National Army) എന്ന സേനയെ ഉപയോഗപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനീസ് സേനയുടെ സഹായത്തോടെ റാഷ് ബിഹാരി ബോസ് രൂപം കൊടുത്ത ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ നേതൃത്വം പില്‍കാലത്ത് സുഭാഷ് ചന്ദ്ര ബോസ് ഏറ്റെടുക്കുകയായിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന വനിതാ റെജിമെന്റുകളില്‍ ഒന്നായിരുന്നു ഐഎന്‍എയുടെ കീഴില്‍ പ്രവര്‍ത്തിച്ച ഝാന്‍സി റാണി റെജിമെന്റ്. സായുധ വിപ്ലവത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളു എന്നു വിശ്വസിച്ച നേതാജി ‘എനിക്ക് രക്തം തരൂ, പകരം നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്ന ആഹ്വാനത്തിലൂടെ യുവാക്കളെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചു.
1897 ജനുവരി 23 ന് ഒറീസ്സയിലെ കട്ടക്കിലാണ് സുബാഷ് ചന്ദ്രബോസിന്റെ ജനനം. അഞ്ചാമത്തെ വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം, വെള്ളക്കാര്‍ നടത്തിയിരുന്ന സ്‌കൂളില്‍ ആദ്യം ചേര്‍ന്നെങ്കിലും പിന്നീട് ഒരു ബംഗാളി സ്‌കൂളിലേയ്ക്ക് മാറി പഠനം തുടര്‍ന്നു. 1920 – ല്‍ അദ്ദേഹം ഇന്ത്യന്‍ സിവില്‍ സര്‍വീസ് പ്രവേശനപ്പരീക്ഷ എഴുതി. എന്നാല്‍ ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി അദ്ദേഹം സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. ബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി 1927-ല്‍ ചുമതലയേറ്റു. 1930-ല്‍ നിയമവിരുദ്ധ സ്വാതന്ത്ര്യദിന ഘോഷയാത്ര നയിച്ചു എന്ന കാരണത്താല്‍ ജയിലിലായി. വീണ്ടും 1931-ല്‍ നിയമലംഘന സമരത്തോടനുബന്ധിച്ച് ജയിലിലായി എങ്കിലും രോഗബാധിതനായതിനാല്‍ വിട്ടയക്കപ്പെട്ടു. തുടര്‍ന്ന് ചികിത്സയ്ക്കായി വിയന്നയിലേക്ക് പോവുകയും ചെയ്തു. പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് യൂറോപ്പിലെ ജനതയുടെ ശ്രദ്ധ തിരിച്ചുവിടാന്‍ പ്രചാരണ പരിപാടികള്‍ നടത്തി. 1937ല്‍ യൂറോപ്പില്‍ വച്ച് പരിചയപ്പെട്ട ഓസ്ട്രിയന്‍ വനിതയായ എമിലി ഷെങ്കലിനെ വിവാഹം കഴിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നതു മാത്രമായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ മുന്‍ഗണന. അതിനായി ഏതറ്റം വരെ പോകാനും അദ്ദേഹം തയാറായിരുന്നു. പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. ഗാന്ധിജിയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷനായി. മതിയായ പിന്തുണയില്ലെന്ന് കണ്ടപ്പോള്‍ രാജിവച്ചു. പിന്നീട് വീട്ടുതടങ്കലിലായ അദ്ദേഹം അവിടെനിന്ന് രക്ഷപ്പെട്ട് തനിക്ക് പിന്തുണ വാഗ്ദാനം ചെയ്ത മറ്റ് രാജ്യങ്ങളില്‍ എത്തി. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ പുനരുജ്ജീവിപ്പിച്ചു. പ്രവാസ സര്‍ക്കാര്‍ സ്ഥാപിച്ചു. യുദ്ധത്തില്‍ പങ്കെടുത്തു. ഐ എന്‍ എ-ജപ്പാന്‍ കൂട്ടുകെട്ട്, വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടു പോലും, വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും ആന്‍ഡമാനിലും ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയുടെ ചില പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഡല്‍ഹിയിലേക്കുള്ള വഴി സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കൂടിയായിരുന്നു.
ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളാണ് ബോസ് എന്ന് പല കാര്യങ്ങളും മുന്‍നിര്‍ത്തി പറയാം. തന്റെ കാലഘട്ടത്തെയും സമകാലികരെയും അപേക്ഷിച്ച് വളരെയധികം മുന്‍പേ സഞ്ചരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തയ്‌ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചു എന്നാണ് കരുതപ്പെടുന്നത്. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷന്‍, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷന്‍ എന്നിവയെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തിരോധാനം പോലെ അദ്ദേഹത്തെക്കുറിച്ചുള്ള പല കാര്യങ്ങളും ഇന്നും അവ്യക്തമായി തുടരുന്നു.
0