അഷ്ടമുടി; കായലുകളുടെ കവാടം
കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്നു വിശേഷിക്കപ്പെടുന്ന കായലാണ് കൊല്ലം ജില്ലയില്‍ സ്ഥിചെയ്യുന്ന അഷ്ടമുടിക്കായല്‍. പനയുടെ ആകൃതിയിലെന്നും നീരാളിയുടെ ആകൃതിയിലെന്നുമൊക്കെ ഇതിന്റെ കിടപ്പിനെ വിശേഷിപ്പിക്കാറുണ്ട്. കേരളത്തില്‍ വലിപ്പംകൊണ്ട് വേമ്പനാട്ട് കായലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ആഴംകൊണ്ട് ഒന്നാമതാണ് അഷ്ടമുടി. ‘അഷ്ടമുടി’ എന്നാല്‍ ‘എട്ടു ശാഖകള്‍’ എന്നാണര്‍ത്ഥം (അഷ്ട = എട്ട്; മുടി = ശാഖ, കൈവഴി). തേവള്ളിക്കായല്‍, കണ്ടച്ചിറക്കായല്‍, കുരീപ്പുഴക്കായല്‍, തെക്കുംഭാഗം കായല്‍, കല്ലടക്കായല്‍, പെരുമണ്‍ കായല്‍, കുമ്പളത്തു കായല്‍, കാഞ്ഞിരോട്ടു കായല്‍ എന്നിവയാണ് അഷ്ടമുടിക്കായലിന്റെ എട്ട് മുടികള്‍ അഥവാ പ്രധാന ശാഖകള്‍.
പുരാതന കാലത്ത് കൊല്ലം നഗരത്തെ (ക്വയിലോണ്‍) ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി കച്ചവടത്തിന് സഹായിച്ചിരുന്ന പ്രധാന തുറമുഖമായിരുന്നു ഈ തടാക പരിസരം. മൊറോക്കന്‍ പര്യവേക്ഷകനായ ഇബ്‌നു ബത്തൂത്തയുടെ ചരിത്രരേഖകകളില്‍ പുരാതന കാലഘട്ടത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായി അഷ്ടമുടി തടാകത്തിന്റെ തീരത്തുള്ള ക്വയിലോണ്‍ നഗരത്തെ പരാമര്‍ശിക്കുന്നു.ആള്‍താമസമുള്ളതും ഇല്ലാത്തതുമായ നിരവധി ദ്വീപുകള്‍ അഷ്ടമുടിക്ക് ചുറ്റുമുണ്ട്. മണ്‍റോത്തുരുത്ത്, പേഴുംതുരുത്ത്, പട്ടംതുരുത്ത്, നീട്ടും തുരുത്ത്, പുത്തന്‍തുരുത്ത്, പൂത്തുരുത്ത്, പന്നയ്ക്കാതുരുത്ത്, വെളുത്തുരുത്ത്, നീലേശ്വരം തുരുത്ത്, കാക്കത്തുരുത്ത്, പള്ളിയം തുരുത്ത് തുടങ്ങിയവയാണ് ശ്രദ്ധേയമായ ദ്വീപുകള്‍. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ പേരെടുത്ത മണ്‍റോത്തുരുത്തിനു ശേഷം കൊല്ലം ജില്ലയുടെ വിനോദസഞ്ചാര പട്ടികയിലിടം പിടിച്ച ഇടമാണ് സാമ്പ്രാണിക്കോടി അഥവാ സാമ്പ്രാണിത്തുരുത്ത്.
തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തെയും അവയുടെ സന്തുലിത ഉപയോഗത്തെക്കുറിച്ചുമുള്ള റാംസര്‍ ( Ramsar) ഉടമ്പടി പ്രകാരം അന്തര്‍ദേശീയ പ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ് അഷ്ടമുടി തണ്ണീര്‍ത്തടം. കായലിന്റെ ഏറ്റവും ആഴമുള്ള ഭാഗം കുണ്ടറ ഭാഗത്താണ്. കല്ലടയാര്‍ പതിക്കുന്ന കായല്‍ മുഖത്ത് ധാരാളം ശുദ്ധമല്‍സ്യങ്ങളുണ്ട്. വിവിധയിനം കക്കകളും അഷ്ടമുടിക്കായലിന്റെ സവിശേഷതയാണ്. ഈ കായല്‍ പാതയിലൂടെ കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിച്ച് ബോട്ട് സര്‍വീസ് നടത്തുന്നുണ്ട്. കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങള്‍ മത്സ്യബന്ധനം, കയര്‍ നിര്‍മ്മാണത്തിനാവശ്യമായ ചകിരി വേര്‍തിരിക്കല്‍, ഉള്‍നാടന്‍ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.
ജയപാലപ്പണിക്കര്‍, പാരീസ് വിശ്വനാഥന്‍, കുരീപ്പുഴ ശ്രീകുമാര്‍, വി. സാംബശിവന്‍, അഴകത്ത് പത്മനാഭക്കുറുപ്പ്, ഷാജി എന്‍. കരുണ്‍, ഡി. വിനയചന്ദ്രന്‍, പഴവിള രമേശന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകള്‍ ഈ തീരത്ത് ജനിച്ചവരാണ്. തിരുനല്ലൂര്‍ കരുണാകരന്റെ പല കവിതകളുടേയും പശ്ചാത്തലമായി അഷ്ടമുടിക്കായല്‍ കാണാം. അതില്‍ പ്രധാനം ‘റാണി’ എന്ന ഖണ്ഡകാവ്യമാണ്. ഒ.എന്‍.വി. കുറുപ്പിന്റെ പല കവിതകളിലും ഈ കായല്‍ ഇടം പിടിച്ചിട്ടുണ്ട്. കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഇഷ്ടമുടിക്കായല്‍‘ എന്ന പ്രസിദ്ധ കവിത അഷ്ടമുടിക്കായലിനെ പരാമര്‍ശിക്കുന്നതാണ്.
ചോദ്യങ്ങളും ഉത്തരങ്ങളും
- കേരളത്തിലെ ഏറ്റവും വലിയ കായല്‍?
-വേമ്പനാട് കായല്‍ - കേരളത്തിലെ കായലുകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ജലാശയം?
-അഷ്ടമുടിക്കായല്‍ - അഷ്ടമുടിക്കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?
-കൊല്ലം
0