ചുഴലിക്കാറ്റുകളുടെ പേരിനു പിന്നില്‍
താഴ്ന്ന മര്‍ദ്ദമുള്ള പ്രദേശത്തിന് ചുറ്റും ഉള്ളിലേക്ക് തിരിയുന്ന ശക്തമായ കാറ്റിനെയാണ് സൈക്ലോണ്‍ അഥവാ ചുഴലിക്കാറ്റ് എന്നു വിളിക്കുന്നത്. ഒരു കാറ്റിന്റെ വേഗത മണിക്കൂറില്‍ 74 മൈല്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ എത്തുമ്പോള്‍ ആ കാറ്റിനെ ചുഴലിക്കാറ്റായി കണക്കാക്കാവുന്നതാണ്. ഒരു കാറ്റ് ചൂഴലിക്കാറ്റായി മാറുമ്പോള്‍ മാത്രമേ അതിന് പേരിടുകയുള്ളു. ചുഴലിക്കാറ്റുകളെ പെട്ടന്ന് തിരിച്ചറിയുന്നതിനും മനസിലാക്കുന്നതിനുമായി പണ്ട് മുതല്‍ക്കെ ലോകത്ത് ഇത്തരം കാറ്റുകള്‍ക്ക് പേരു നല്‍കിയിരുന്നു. 1900-കളുടെ തുടക്കത്തില്‍ ചുഴലിക്കാറ്റുകള്‍ക്ക് സ്ത്രീലിംഗ നാമങ്ങളാണ് പൊതുവെ നല്‍കിയിരുന്നത്. 1979 മുതല്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പുരുഷനാമങ്ങളും നല്‍കിത്തുടങ്ങി. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ശാസ്ത്രീയമായ പേരിടല്‍ സംവിധാനമാണുള്ളത്. അതനുസരിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ അക്ഷരമാലാക്രമത്തില്‍ ക്രമീകരിച്ച പട്ടികയില്‍ നിന്നുള്ള പേരുകള്‍ ഉപയോഗിച്ച് കൊടുങ്കാറ്റുകളെ വേര്‍തിരിച്ച് പേര് നല്‍കുന്നു. ലോക മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനും (WMO) യുണൈറ്റഡ് നേഷന്‍സ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് പസഫിക് (WMO/ESCAP) പാനല്‍ ഓണ്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍സ് (PTC) എന്നിവ സംയ്ക്തമായി 2000 ലാണ് ഔദ്യോഗികമായി ഉഷ്ണമേഖലാ ചുഴലിക്കാറ്റ് നാമകരണ സംവിധാനം സ്ഥാപിച്ചത്. നീണ്ട ആലോചനകള്‍ക്ക് ശേഷം 2004 സെപ്തംബര്‍ മുതല്‍ ഉത്തര ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്കും പേരിടല്‍ ആരംഭിച്ചു. ചുഴലിക്കാറ്റ് വളരെയധികം മരണത്തിനും നാശത്തിനും കാരണമാകുന്ന
ഒന്നാണ് അതുകൊണ്ട് തന്നെ ചുഴലിക്കാറ്റിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പൊതുജനങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം. നിര്‍ദ്ദിഷ്ട പേര് ചില അടിസ്ഥാന മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം എന്നു മാത്രം. അത് എന്തെല്ലാമാണ് എന്നുനോക്കാം.
1. നിര്‍ദ്ദിഷ്ട പേര് രാഷ്ട്രീയം, രാഷ്ട്രീയ വ്യക്തികള്‍, മതവിശ്വാസങ്ങള്‍, സംസ്‌കാരങ്ങള്‍, ലിംഗഭേദം എന്നി നിലകളില്‍ നിഷ്പക്ഷമായിരിക്കണം. 2. മറ്റുള്ളവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തും രീതിയിലുള്ളതാവരുത്. 3. ഹ്രസ്വവും ഉച്ചരിക്കാന്‍ എളുപ്പമുള്ളതുമായിരിക്കണം. 4. എട്ടക്ഷരങ്ങളില്‍ കൂടരുത്. 5. ഒരു ചുഴലിക്കാറ്റിനു നല്‍കിയ പേര് പിന്നീട് ആവര്‍ത്തിക്കാന്‍ പാടുള്ളതല്ല.
ചുഴലിക്കാറ്റിനെ കൂടുതല്‍ അറിയാം
1. 74 മുതല്‍ 95 മൈല്‍ വരെ വേഗതയുള്ള ചുഴലിക്കാറ്റുകളെ ശക്തി കുറഞ്ഞ ഒന്നാം വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2. 96 മുതല്‍ 110 മൈല്‍ വരെ വേഗതയുള്ളവയെ കാറ്റഗറി രണ്ടിലും 129 മൈല്‍ വരെ വേഗതയുള്ളവയെ കാറ്റഗറി മൂന്നിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
3. 130 മുതല്‍ 156 മൈല്‍ വരെ വേഗതയുള്ള ചുഴലിക്കാറ്റുകളാണ് നാലാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
4. അഞ്ചാം വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റുകളാണ് ഏറ്റവും വിനാശകാരികള്‍. 157 മൈലിന് മുകളിലായിരിക്കും ഇവയുടെ വേഗത.
0