പ്ലേഗിന് എതിരെ പടനയിച്ച ഡോക്ടര്‍ പല്പു

കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളില്‍ പ്രമുഖനായിരുന്നു, ‘ഇന്ത്യന്‍ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി’ എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച, ഡോ. പല്പു. തിരുവനന്തപുരത്ത് പേട്ടയില്‍ തച്ചക്കുടി പപ്പു എന്നറിയപ്പെട്ടിരുന്ന മാതിക്കുട്ടി ഭഗവതിയുടെയും നെടുങ്ങോട്ട് തറവാട്ടിലെ പപ്പമ്മ എന്ന് വിളിപ്പേരുള്ള മാതപെരുമാളിന്റെയും മകനായി 1863 നവംബര്‍ രണ്ടിനാണ് ഡോക്ടര്‍ പല്പുവിന്റെ ജനനം.
വിദ്യാഭ്യാസത്തിലും സാമര്‍ത്ഥ്യത്തിലും മുന്‍പിലായിരുന്ന അദ്ദേഹത്തിന് അവര്‍ണ്ണന്‍ എന്ന ഒറ്റ കാരണത്താല്‍ ഉന്നതോദ്യോഗത്തില്‍ നിന്നും വിലക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഈഴവ സമുദായത്തില്‍ പെട്ടയാളായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം കേരളത്തിലെ സാമൂഹിക പരിഷ്‌കരണ മുന്നേറ്റങ്ങളുടെ ആരാധ്യനേതാവായിത്തീര്‍ന്നത്. തിരുവിതാംകൂര്‍ രാജ്യത്ത് സര്‍ക്കാര്‍ ജോലിയില്‍ അധഃകൃതര്‍ക്ക് പ്രവേശനമില്ലായിരുന്നു. അഞ്ചുരൂപയില്‍ കൂടുതല്‍ ശമ്പളമുള്ള ഒരു ജോലിയും ഈഴവരടക്കമുള്ളവര്‍ക്ക് ലഭിക്കുമായിരുന്നില്ല. താന്‍ ജനിച്ച മണ്ണില്‍ തനിക്ക് നേരിട്ട അനീതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മദ്രാസിലും മൈസൂരിലും മാത്രമല്ല, കേംബ്രിഡ്ജിലും പോയി ഉയര്‍ന്ന ബിരുദങ്ങളും ഉദ്യോഗവും നേടി. സ്വന്തം ഉയര്‍ച്ചകള്‍ക്കിടയിലും പിന്നാക്ക സമുദായ അവഗണനകള്‍ക്കെതിരെ പോരാടാന്‍ പല്പു തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. 1891 ലെ മലയാളി മെമ്മോറിയല്‍ മുതലായ സംരംഭങ്ങളില്‍ പല്പു സജീവ പങ്കാളിയായിരുന്നു. ഈഴവ സമുദായത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയുടെ പരിഹാരാര്‍ത്ഥം 1896 സെപ്റ്റംബര്‍ 3ന് ഡോ. പല്പുവിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച നിവേദനമാണ് ഈഴവ മെമ്മോറിയല്‍. 1903-ല്‍ ഈഴവ സമുദായത്തിന്റെ മുന്നേറ്റത്തിനായി എസ്.എന്‍.ഡി.പി യോഗം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു.

ചിത്രത്തിന് കടപ്പാട് ഗൂഗിൾ

എന്നാല്‍, ഇന്ത്യയിലേറ്റവും ശ്രദ്ധപിടിച്ചു പറ്റിയ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ നായകനായിരുന്നു അദ്ദേഹമെന്ന് അറിയുന്നവര്‍ ചുരുക്കം. ബ്യുബോണിക് പ്ലേഗ് ബോംബേ നഗരത്തില്‍ പടര്‍ന്നുപിടിച്ചത് 1895ലാണ്. 1898-ല്‍ ബോംബെയില്‍നിന്നു ബാംഗ്ലൂര്‍ നഗരത്തിലേക്കു വ്യാപിച്ച ബ്യുബോണിക് പ്ലേഗ് എന്ന ഭീകരമായ പകര്‍ച്ചവ്യാധിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അന്നു മൈസൂര്‍ ആരോഗ്യവകുപ്പില്‍ പ്രവര്‍ത്തിച്ച ഡോ. പല്പു ആയിരുന്നു. ബോംബെ നഗരത്തില്‍ മാത്രം അരലക്ഷം പേരുടെ ജീവനെടുത്ത പ്ലേഗ് ക്രമേണ അയല്‍സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. അക്കാലത്തു  സെന്റ് മാര്‍ത്താസ് ആശുപത്രിയിലെ ഡോക്ടറായിരുന്നു 32 കാരനായ പല്പു. മരണം പോലും സംഭവിക്കാവുന്ന നിയോഗമായതിനാല്‍ വില്‍പത്രം വരെ എഴുതിവച്ചാണ് പല്പു ആ മഹാമാരിയെ തോല്‍പ്പിക്കാനായി ഇറങ്ങിത്തിരിച്ചത്.  
ബ്രിട്ടിഷ് ഇന്ത്യയുടെ സര്‍ജന്‍ ജനറല്‍ അക്കാലത്തു പ്ലേഗ് ബാധിത മേഖലകളെല്ലാം സന്ദര്‍ശിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ പല്പുവിന്റെ നേതൃത്വത്തിലുള്ള ക്യാംപുകളാണ് ഏറ്റവും മികച്ചതെന്നു ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മൈസൂര്‍ സര്‍ക്കാര്‍ പല്പുവിന് അംഗീകാരമായി അദ്ദേഹത്തെ ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിനയച്ചു.   ഉപരിപഠനം കഴിഞ്ഞതോടെ ഡോ. പല്പുവിന് കൂടുതല്‍ ഉയര്‍ന്ന തസ്തികകളില്‍ നിയമനം ലഭിച്ചു. മൈസൂര്‍ സിറ്റി ഹെല്‍ത്ത് ഓഫീസര്‍ ആയിട്ടായിരുന്നു അതില്‍ ആദ്യത്തേത്. 1905-ല്‍ മൈസൂര്‍ സര്‍ക്കാരിന്റെ സാനിട്ടറി കമ്മീഷണരുടെ പേര്‍സണല്‍ അസിസ്ന്റന്റായി നിയമിതനായി. 1907– ല്‍ ഡപ്യൂട്ടി സാനിറ്റേഷന്‍ കമ്മീഷണറായ പല്പുവിനെ മൈസൂരില്‍ പ്ലേഗു വീണ്ടും വിനാശം സൃഷ്ടിച്ചപ്പോള്‍ സര്‍ക്കാര്‍ മടക്കി വിളിച്ചു.  മൈസൂര്‍ സര്‍ക്കാരില്‍ നിന്നും വിരമിച്ച അദ്ദേഹം മലബാറിന്റെ വികസനത്തിനായി മലബാര്‍ ഇക്കണോമിക് യൂണിയന്‍ വിനിയോഗിച്ചു. കുമാരനാശാന്‍, ടി. കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, തുടങ്ങി പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്ക് ആശയങ്ങള്‍ പകര്‍ന്നത് ഡോ. പല്പുവിന്റെ പ്രവര്‍ത്തനങ്ങളാണ്.
ശ്രീ നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജ ഗുരു അദ്ദേഹത്തിന്റെ മകനാണ്. 1950 ജനുവരി 25ന് ഡോ. പല്പു അന്തരിച്ചു.

ചോദ്യങ്ങളും ഉത്തരങ്ങളും

1. ഈഴവ മെമ്മോറിയല്‍ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തതാര് ?
ഡോ. പല്പു
2. ഏത് നാട്ടുരാജ്യത്തെ സര്‍ക്കാര്‍ സര്‍വീസിലാണ് ഡോ. പല്പു സേവനമനുഷ്ഠിച്ചത് ?
മൈസൂര്‍
3. ‘ഡോ. പി. പല്പു ധര്‍മബോധത്തില്‍ ജീവിച്ച കര്‍മയോഗി’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
എം. കെ. സാനു