നമീബിയയിൽ നിന്ന് എട്ട് ചീറ്റകൾ യാത്ര ആരംഭിച്ചു, ഇന്ന് ഇന്ത്യയിൽ എത്തും

നമീബിയയിൽ നിന്ന് 8 ചീറ്റകളെയാണ് വിമാന മാർഗം മധ്യപ്രദേശിലെ കുനോ ദേശീ‌യോദ്യാനത്തിലേക്ക് ഇന്ന് എത്തിക്കുന്നത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലെത്തുക. 600ഹെക്ടർ പ്രദേശമാണ് ചീറ്റകൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ നാഷണൽ പാർക്കുകളിലായി 50 ചീറ്റകളെ എത്തിക്കാനാണ് സർക്കാർ പദ്ധതി.ഇതിന്റെ തുടക്കമാണ് കുനോവിലേക്കുള്ള വരവ്. ആദ്യമായാണ് ഇത്രയും വലിയ ഒരു മാംസഭോജിയെ ഒരു വൻകരയിൽ നിന്ന് മറ്റൊരു വൻകരയിലേക്ക് കൊണ്ടുവരുന്നത്. 2009-ൽ പദ്ധതിയിട്ട പ്രൊജക്ട് ചീറ്റയ്ക്ക് 2020-ലാണ് സുപ്രീം കോടതി അനുമതി നൽകിയത്. പൈലറ്റ് അടിസ്ഥാനത്തിൽ ചീറ്റകളെ ഇന്ത്യയിൽ കൊണ്ടുവന്ന് വളർത്താനായിരുന്നു പദ്ധതി. ഇതിനായി ഈ വർഷം ജൂലൈയിൽ ഇന്ത്യയും നമീബിയയും തമ്മിൽ ധാരണയായി. ചീറ്റകളെ പുതുതായി കൊണ്ടുവരുന്നത് കുനോയിലെ ടൂറിസത്തിനും ഗുണകരമാകുമെന്ന് അധികൃതർ കരുതുന്നു.