ഫ്രഞ്ച് ന്യൂ വെയ്വിന്റെ അതികായനായ ജീൻ ലൂക്ക് ഗൊദാർഡ് (91) അന്തരിച്ചു.
പാരീസ് (റോയിട്ടേഴ്സ്): 1960-ൽ സിനിമാറ്റിക് അതിരുകൾ ഭേദിക്കുകയും ഐക്കണോക്ലാസ്റ്റിക് സംവിധായകർക്ക് പ്രചോദനം നൽകുകയും ചെയ്ത ഫ്രാൻസിലെ ന്യൂ വേവ് സിനിമയുടെ ഗോഡ്ഫാദർ, ചലച്ചിത്ര സംവിധായകൻ ജീൻ-ലൂക്ക് ഗൊദാർഡ് (Jean-Luc Godard) 91-ാം വയസ്സിൽ അന്തരിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിൽ ഒരാളായിരുന്നു ഗൊദാർഡ്, " breathless ", "contempt" തുടങ്ങിയ ക്ലാസിക് സിനിമകൾക്കു പേരുകേട്ട വ്യക്തികൂടിയാണ് ഗൊദാർഡ്. സ്ഥിരം സിനിമ സങ്കല്പങ്ങളെ തച്ചുടച്ചു കൊണ്ട് ക്യാമറ വർക്ക്, ജമ്പ് കട്ടുകൾ, അസ്തിത്വപരമായ സംഭാഷണങ്ങൾ എന്നിവ ഉപയോഗിച്ച് പുതിയ ചലച്ചിത്ര ഭാഷയെ രൂപീകരിക്കാൻ ഗൊദാർദിന്റെ സിനിമകൾ മറ്റുള്ളവർക്ക് വഴി തെളിച്ചു."സിനിമയ്ക്ക് ഒരു തുടക്കവും മധ്യവും അവസാനവും ഉണ്ടായിരിക്കണം, പക്ഷേ അത് ക്രമത്തിൽ ആയിരിക്കണമെന്നില്ല, "ഗൊദാർദിന്റെ ഈ വാക്കുകൾ സിനിമ സ്നേഹികൾക്ക് ഇടയിൽ പ്രശസ്തി പിടിച്ചുപറ്റിയിരുന്നു. ഗൊദാർഡിന്റെ ഏറ്റവും സ്വാധീനമുള്ളതും വാണിജ്യപരമായി വിജയിച്ചതുമായ മിക്ക സിനിമകളും 1960-കളിൽ ഇറങ്ങിയവയായിരുന്നു "Vivre Sa Vie" (My Life to Live), "Pierrot le Fou", "Two or Three Things I Know About Her" , "Weekend" എന്നിവ അതിൽ ഉൾപ്പെടുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യകാല ചിത്രങ്ങൾ ഒട്ടുമിക്കവയും കുറ്റകൃത്യങ്ങൾ പ്രമേയമാക്കിയുള്ളതായിരുന്നു. അമിത ലൈംഗികതയിലും അവയിൽ പലതും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ബ്രെത്ത്ലെസ് ആണ് ആദ്യ ചിത്രം. എ വുമൺ ഈസ് എ വുമൺ ആണ് അദ്ദേഹം ഒരുക്കിയ ആദ്യ കളർ ചിത്രം. ഏഴ് പതിറ്റാണ്ടിലേറെ കാലം സിനിമാ മേഖലയിൽ സജീവമായിരുന്നു. ധീരമായ രാഷ്ട്രീയ വീക്ഷണങ്ങളും ഭരണകൂട വിമർശനവും ഉൾപ്പെടുത്തിയ സൃഷ്ടികൾ വിവാദവും നിരോധനവും വരെ ക്ഷണിച്ചുവരുത്തി.1980 കൾ തൊട്ട് സ്വിറ്റ്സർലൻഡിലായിരുന്നു താമസം.
0