ഗ്രാമി – സംഗീത മികവിന്റെ പുരസ്‌കാരം

സംഗീത രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന പുരസ്‌കാരമാണ് ഗ്രാമി പുരസ്‌കാരം. 1958 മുതല്‍ സംഗീത രംഗത്തെ മികച്ച സംഭാവനകള്‍ക്ക് ഗ്രാമി പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നു. തുടക്കത്തില്‍ ഗ്രാമഫോണ്‍ അവാര്‍ഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റെക്കോര്‍ഡിങ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 64-ാമത് ഗ്രാമി പുരസ്‌കാരമാണ് ഈ വര്‍ഷം (2022 ) പ്രഖ്യാപിച്ചത്. 2022 ലെ പുരസ്‌കാര ചടങ്ങ് ഇന്ത്യക്കും അഭിമാന നിമിഷമായിരുന്നു. ഇന്ത്യന്‍ സംഗീത സംവിധായകന്‍ റിക്കി കേജ് രണ്ടാം തവണയും ഗ്രാമി പുരസ്‌കാരം സ്വന്തമാക്കി. പണ്ഡിറ്റ് രവിശങ്കര്‍, സുബിന്‍ മെഹ്ത, സാക്കിര്‍ ഹുസൈന്‍, എ. ആര്‍. റഹ്മാന്‍, ഗുല്‍സാര്‍, സോനു നിഗം തുടങ്ങിയ ഇന്ത്യക്കാര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 31 ഗ്രാമി നേടിയ സര്‍ ജോര്‍ജ് സോള്‍ട്ടി ആണ് ഏറ്റവും കൂടുതല്‍ ഗ്രാമി നേടിയ വ്യക്തി. 27 അവാര്‍ഡ് നേടിയ ബിയോണ്‍സ് ആണ് സ്ത്രീകളില്‍ മുന്നില്‍. 22 ഗ്രാമി അവാര്‍ഡ് നേടിയ യു2 (U2)ആണ് ഏറ്റവും കൂടുതല്‍ ഗ്രാമി പുരസ്‌കാരം നേടിയ സംഗീത സംഘം.

പ്രധാനമായും നാല് ഗ്രാമി അവാര്‍ഡുകളാണുള്ളത്.

  1. റെക്കോര്‍ഡ് ഓഫ് ദി ഇയര്‍
    ഒരു ഗാനത്തിന്റെ ഗായകനും പ്രൊഡക്ഷന്‍ ടീമിനും നല്‍കി വരുന്ന പുരസ്‌കാരം.
  2. ആല്‍ബം ഓഫ് ദി ഇയര്‍
    ഒരു മുഴുവന്‍ ആല്‍ബത്തിന്റെ ഗായകനും ഗാനരചയിതാക്കള്‍ക്കും പ്രൊഡക്ഷന്‍ ടീമിനും ഈ പുരസ്‌കാരം നല്‍കപ്പെടുന്നു.
  3. സോങ് ഓഫ് ദി ഇയര്‍
    ഒരു ഗാനത്തിന്റെ ഗാനരചയിതാവിനു നല്‍കുന്ന പുരസ്‌കാരം.
  4. പുതുമുഖ കലാകാരന്‍
    പുതുമുഖ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം

ചോദ്യങ്ങളും ഉത്തരങ്ങളും

1.’സംഗീതലോകത്തെ ഓസ്‌കാര്‍‘ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുരസ്‌കാരം?

-ഗ്രാമി അവാര്‍ഡ്

2.ഗ്രാമി അവാര്‍ഡ് നിലവില്‍ വന്ന വര്‍ഷം?

-1958

3.ഗ്രാമി അവാര്‍ഡിന്റെ ആദ്യകാല പേര്?

-ഗ്രാമഫോണ്‍ അവാര്‍ഡ്