അന്തര്‍ദേശീയ നീതിന്യായ കോടതി
ഐക്യരാഷ്ട്ര സംഘടനയുടെ നീതിന്യായ വിഭാഗമാണ് അന്തര്‍ദേശീയ നീതിന്യായ കോടതി അല്ലെങ്കില്‍ ലോക കോടതി (International Court of Justice). യുഎന്നില്‍ അംഗത്വമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലിടപെടുകയും തീര്‍പ്പുണ്ടാക്കുകയുമാണ് പ്രാഥമിക കര്‍ത്തവ്യം. അംഗീകൃത രാജ്യാന്തര സംഘടനകളും, വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതുസഭയും ഉന്നയിക്കുന്ന നിയമപരമായ പ്രശ്‌നങ്ങളില്‍ ഉപദേശം നല്‍കുക എന്നതും ഇതിന്റെ ധര്‍മ്മങ്ങളില്‍ പെടുന്നു. നെതര്‍ലന്‍ഡ്‌സിലെ ഹേഗിലുള്ള പീസ് പാലസാണ് അന്തര്‍ദേശീയ നീതിന്യായ കോടതിയുടെ ആസ്ഥാനം.
ആകെ 15 ജഡ്ജിമാരാണ് ഈ കോടതിയില്‍ ഉള്ളത്. 9 വര്‍ഷമാണ് ജഡ്ജിയുടെ കാലാവധി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കുന്ന തരത്തിലാണ് നിയമനം. മൂന്നു വര്‍ഷം കൂടുമ്പോള്‍ പുതിയ അഞ്ചു ജഡ്ജിമാര്‍ തിരഞ്ഞെടുക്കപ്പെടും. നിലവിലുള്ളവര്‍ക്കു വീണ്ടും മത്സരിക്കാം. യു.എന്‍. ഉടമ്പടി പ്രകാരം 1945 ലാണ് ഈ കോടതി സ്ഥാപിക്കപ്പെടുന്നത്. 1946 ല്‍ പെര്‍മനെന്റ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ജസ്റ്റീസിന്റെ തുടര്‍ച്ചയെന്നോണം പ്രവര്‍ത്തനം തുടങ്ങി.
ജോന്‍ ഡോനോക്ക് (Joan Donoghue) ആണ് അന്തര്‍ദേശിയ നീതിന്യായ കോടതിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. 2021 ഫെബ്രുവരി 8നാണ് ജോന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയത്. 1980 മുതല്‍ വികസ്വര രാജ്യങ്ങള്‍ ഈ കോടതിയെ വലിയ അളവില്‍ ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവന്നു കാണുന്നുണ്ട്. ഏത് വിവാദ പ്രശ്‌നത്തിലും തീര്‍പ്പ് കല്പിക്കാനും ഉപദേശരൂപേണയുള്ള അഭിപ്രായങ്ങള്‍ (Advisory Opinion) നല്കാനും കോടതിക്ക് അധികാരമുണ്ട്. തര്‍ക്കപ്രശ്‌നങ്ങളില്‍ അംഗരാഷ്ട്രങ്ങള്‍ മാത്രമാണ് കക്ഷികള്‍. രാഷ്ട്രങ്ങളോ വ്യക്തികളോ അല്ലാത്ത അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് (International Entity) കോടതിയില്‍ കക്ഷിചേരാന്‍ സാധാരണ ഗതിയില്‍ അര്‍ഹതയില്ലെങ്കിലും ഏതു കേസിലും ആവശ്യമായ വിവരങ്ങള്‍ ഹാജരാക്കാന്‍ പൊതുസ്വഭാവമുള്ള അന്താരാഷ്ട്രസംഘടനകളോട് കോടതിക്ക് ആവശ്യപ്പെടാം.
ചോദ്യങ്ങളും ഉത്തരങ്ങളും
1.അന്തര്‍ദേശീയ കോടതിയുടെ ആസ്ഥാനം?
-നെതര്‍ലന്‍ഡ്സ്
2.അന്തര്‍ദേശീയ കോടതി ജഡ്ജിമാരുടെ കാലാവധി?
-9 വര്‍ഷം
3.അന്തര്‍ദേശീയ കോടതിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
-ജോന്‍ ഡോനോക്ക്
0