വിഗതകുമാരനിലൂടെ മലയാള സിനിമയുടെ പിതാവായി മാറിയ ജെ. സി. ഡാനിയേല്‍

മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായിരുന്ന ജെ. സി. ഡാനിയേല്‍ (J. C. Daniel) 1900 – ല്‍  തിരുവിതാംകൂറില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ ആയോധന കലകളോടും സിനിമയോടും താല്പര്യം പ്രകടിപ്പിച്ചിരുന്ന ഡാനിയേല്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് തീര്‍ത്തും അന്യമായിരുന്ന സിനിമ എന്ന  മാധ്യമത്തെ ജനങ്ങളിലേയ്ക്ക് അടുപ്പിച്ചതില്‍ വലിയ പങ്കു വഹിക്കുന്നു.
1926-ല്‍ അദ്ദേഹം ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ് എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ് ഡാനിയേലിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി. താന്‍ ആദ്യമായി എഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വിഗതകുമാരന്‍ എന്ന പേര്‍ നല്‍കുകയും പി. കെ. റോസി എന്ന നാടക കലാകാരിയെ ചിത്രത്തിലെ നായികയായി തെരഞ്ഞെടുക്കുകയും ചെയ്തു. മലയാള സിനിമയുടെ ആദ്യ നായികയായും ദളിത് പ്രാതിനിധ്യമായും പി. കെ. റോസിയെ കണക്കാക്കപ്പെടുന്നു.

നാഗര്‍കോവില്‍ പയനിയര്‍ തീയേറ്ററിലാണ് വിഗതകുമാരന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. രക്ഷിതാക്കളെ വേര്‍പിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു സിനിമ കാണികള്‍ക്കു വേണ്ടി കാഴ്ചവെച്ചത്. ഡാനിയേലിന്റെ മകന്‍ സുന്ദര്‍ തന്നെയായിരുന്നു ചിത്രത്തിലെ നായകന്‍. കീഴാള സ്ത്രീ നായര്‍ സ്ത്രീയായി സിനിമയില്‍ അഭിനയിക്കുന്നതറിഞ്ഞു യാഥാസ്ഥിതികരായ സവര്‍ണര്‍ രോഷാകുലരായി. അങ്ങനെ വിഗതകുമാരന്റെ കേരളത്തിലെ  ആദ്യ പ്രദര്‍ശനം തന്നെ അലങ്കോലപ്പെട്ടു. ചിത്രം പരാജയപ്പെടുകയും വലിയ സാമ്പത്തിക ബാധ്യതകളുണ്ടാക്കിവയ്ക്കുകയും ചെയ്തു. ഡാനിയേല്‍ 1975-ല്‍ അന്തരിച്ചു. മലയാള സിനിമയ്ക്ക് ജെ. സി. ഡാനിയേല്‍ നല്‍കിയ സംഭാവനകള്‍ക്ക് കേരള സര്‍ക്കാര്‍ 1992 -ല്‍ ജെ. സി. ഡാനിയേലിന്റെ പേരില്‍ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം ഏര്‍പ്പെടുത്തി. പ്രഥമ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം ടി. ഇ. വാസുദേവനാണ് ലഭിച്ചത്. കമല്‍ സംവിധാനം ചെയ്ത്, 2013 ല്‍ പുറത്തിറങ്ങിയ സെല്ലുലോയിഡ് എന്ന ചിത്രം ജെ. സി. ഡാനിയേലിനെ മലയാളികള്‍ക്ക് ഒന്നുകൂടി സുപരിചിതനാക്കി. 2012-ല്‍ ഈ ചിത്രം മികച്ച ചിത്രത്തിനുള്ളതടക്കം ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു.

ചോദ്യങ്ങളും ഉത്തരങ്ങളും

1. 2021 ലെ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നേടിയ വ്യക്തി?
    – കെ. പി. കുമാരന്‍
2.  മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
    – ജെ. സി. ഡാനിയേല്‍
3.  ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നിലവില്‍ വന്ന വര്‍ഷം?
    -1992
4. ആദ്യമായി ജെ. സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച വ്യക്തി?
   -ടി. ഇ. വാസുദേവന്‍
5. ജെ. സി. ഡാനിയേല്‍ സ്ഥാപിച്ച ഫിലിം സ്റ്റുഡിയോയുടെ പേരെന്ത്?
    -ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്      
6. മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രം?
  -വിഗതകുമാരന്‍