മലയാളക്കരയുടെ ആദ്യ പത്രം
കേരളത്തില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി പതിനാറാം നൂറ്റാണ്ടിൽ ജെസ്യൂട്ടുകള്‍ എന്നറിയപ്പെടുന്ന റോമന്‍ കത്തോലിക്ക വിഭാഗത്തിലെ അംഗങ്ങള്‍ കൊച്ചി, കൊല്ലം, അമ്പഴക്കാട്, വൈപ്പിക്കോട്ട് എന്നിവിടങ്ങളില്‍ അച്ചടിശാലകള്‍ സ്ഥാപിച്ചതോടെയാണ് കേരളത്തില്‍ അച്ചടിയെന്ന പുതുമാറ്റത്തിന്റെ തുടക്കം കുറിക്കുന്നത്. 1847 ല്‍ കണ്ണൂരിലെ ഇല്ലിക്കുന്നില്‍ നിന്നാണ് കേരളത്തിന്റെ ആദ്യ പത്രമായ രാജ്യസമാചാരം പിറവിയെടുത്തത്. എന്നാല്‍ പൂര്‍ണമായി മലയാള ഭാഷയില്‍ അച്ചടിച്ച ആ പത്രത്തിന്റെ പത്രാധിപര്‍ മലയാളിയായിരുന്നില്ല. മിഷനറിയായി എത്തിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (Hermann Gundert ) എന്ന ജര്‍മന്‍ പാതിരിയായിരുന്നു മലയാളത്തിലെ ആദ്യ പത്രത്തിന് പിന്നില്‍.1838 – ല്‍ സുവിശേഷ പ്രസംഗകനായിയാണ് ജര്‍മ്മന്‍ സ്വദേശിയായ ഗുണ്ടര്‍ട്ട് ഇന്ത്യയില്‍ എത്തുന്നത്. കേരളത്തിലെ മനുഷ്യരോട് അടുത്ത് ഇടപഴകാനും സൂവിശേഷം പ്രസംഗിക്കാനുമായി മലയാളം പഠിച്ച അദ്ദേഹം പിന്നീട് മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതൊന്നുമല്ല.
1814 ഫെബ്രുവരി നാലിന് ജര്‍മ്മനിയിലെ സ്റ്റുട്ഗാര്‍ട്ട് (Stuttgart) എന്ന സ്ഥലത്താണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ജനിച്ചത്. പിതാവ് ലുഡ്വിഗ് ഗുണ്ടര്‍ട്ട് (Ludwig Gundert) അദ്ധ്യാപകനും വ്യവസായിയും ആയിരുന്നു. മാതാവ് ക്രിസ്റ്റ്യാന്‍ എന്‍സ്ലിന്‍ (Christiane Ensslin). പാതിരിയായി കേരളത്തിലേയ്ക്ക് വന്നുവെങ്കിലും പില്‍ക്കാലത്തു മികച്ചൊരു ഭാഷാ പണ്ഡിതനായാണ് ഗുണ്ടര്‍ട്ട് അറിയപ്പെട്ടത്. പല ഭാഷകളും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിവുണ്ടായിരുന്ന അദ്ദേഹം മലയാള ഭാഷയെ ഒരുപാട് സ്‌നേഹിച്ചിരുന്നു. മാസത്തില്‍ ഒന്ന് വീതം പ്രസിദ്ധീകരിച്ചിരുന്ന രാജ്യസമാചാരം, സാധാരണക്കാരനും മനസിലാക്കാന്‍ സാധിക്കുന്ന ഭാഷയിലായിരുന്നു തയ്യാറാക്കിയിരുന്നത്. 1850 കളുടെ അവസാനത്തോടുകൂടി രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണം നിന്നുപോയി. രാജ്യസമാചാരം കൂടാതെ പശ്ചിമോദയം എന്ന ചെറു പ്രസീദ്ധികരണവും ഗുണ്ടര്‍ട്ട് അക്കാലത്തു പുറത്തിറക്കിയിരുന്നു. രാജ്യസമാചാരം വാര്‍ത്തകളിലും പശ്ചിമോദയം വിജ്ഞാനസംബന്ധമായ ലേഖനങ്ങളിലുമായിരുന്നു ശ്രദ്ധ പതിപ്പിച്ചിരുന്നത്. മലയാളരാജ്യം, കേരളപ്പഴമ, മലയാളം-ഇംഗ്ലീഷ് നിഘണ്ടു, കേരളോല്‍പ്പത്തി തുടങ്ങിയ ഇരുപതോളം പുസ്തകങ്ങള്‍ ഗുണ്ടര്‍ട്ട് മലയാള ഭാഷയ്ക്കായി സംഭാവന നല്‍കി. ചില രോഗങ്ങള്‍ നിരന്തരമായി അലട്ടിയതിനാല്‍ 1859 ല്‍ ഗുണ്ടര്‍ട്ടിന് ജര്‍മ്മനിയിലേയ്ക്ക് മടങ്ങേണ്ടി വന്നു. 1893-ല്‍ ആ മഹദ് വ്യക്തിത്വം മരണത്തിനു കീഴടങ്ങി.
ചോദ്യങ്ങളും ഉത്തരങ്ങളും
1. കേരളത്തിലെ ആദ്യ പത്രം ഏത് ?
– രാജ്യസമാചാരം
2. രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം?
– ഇല്ലിക്കുന്ന്, തലശ്ശേരി
3. മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം പുറത്തിറക്കിയത് എന്നാണ്?
– 1847-ല്‍
4. രാജ്യസമാചാരം പ്രസിദ്ധീകരിക്കാന്‍ നേതൃത്വം നല്‍കിയതാര്?
– ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
0