മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി.
പ്രമുഖ സംരംഭകനും കലാകുതുകിയുമായിരുന്ന ആര്‍. മാധവന്‍ നായരുടെ ആഭിമുഖ്യത്തില്‍ 1986-ല്‍ സ്ഥാപിതമായ മ്യൂസിയമാണ് മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ഈ കേരള മ്യൂസിയം കേരളത്തിലെ ഏറ്റവും പഴയ ചരിത്ര മ്യൂസിയങ്ങളിലൊന്നാണ്. മാധവന്‍ നായര്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് ഈ മ്യൂസിയം നടത്തിക്കൊണ്ടുപോകുന്നത്. കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച 87 വ്യക്തികളുടെ ജീവിത കഥകളാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കായി പ്രധാനമായും കാഴ്ചവയ്ക്കുന്നത്. ഗാലറിക്ക് പുറത്തായി പുരാണപ്രസിദ്ധനായ പരശുരാമന്റെ പ്രതിമ സ്ഥാപിച്ചിച്ചിരിക്കുന്നത് കാണാം.കേരള മ്യൂസിയത്തില്‍ പ്രധാനമായും മൂന്ന് ഗാലറികളുണ്ട്: മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി, പാവ മ്യൂസിയം, ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് എന്നിവയാണവ.കേരള മ്യൂസിയത്തിലെ ഏറ്റവും പഴക്കം ചെന്ന ഗാലറികളിലൊന്നാണ് മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി. കേരളത്തിന്റെ ചരിത്രത്തിലെ പ്രധാന വ്യക്തികളെയും സംഭവങ്ങളെയും 36 വ്യത്യസ്ത സീനുകളിലായി ഇവിടെ ക്രമീകരിച്ചിരിക്കുന്നു. പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോന്റെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കരമന രാജഗോപാല്‍ എന്ന ശില്പിയാണ് ഈ ഗാലറിയില്‍ ഉള്ള എല്ലാ ശില്‍പങ്ങളും സൃഷ്ടിച്ചത്. അയ്യ അന്തിരന്‍, സെങ്ങുട്ടുവനും ഇളങ്കോ വെണ്മണിയും, സെന്റ് തോമസ്, നന്നന്‍ ഓഫ് ഏഴിമല, കുലശേഖര ആള്‍വാര്‍, ചേരമാന്‍ പെരുമാള്‍ നായനാര്‍, ശങ്കരാചാര്യനും ശിഷ്യന്മാരും എന്നിങ്ങനെയുള്ള ശ്രദ്ധേയരായ മഹദ് വ്യക്തികളുടെ ശില്പങ്ങള്‍ ഗാലറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം രാജാ രവിവര്‍മ്മ, എം.എഫ്. ഹുസൈന്‍, എഫ്. എന്‍. സൗസ, ജമിനി റോയ്, ബെനോഡ് ബെഹരി മുഖര്‍ജി, റാംകിങ്കര്‍ ബൈജ്, രാംകുമാര്‍, കെ.ജി. സുബ്രഹ്മണ്യന്‍ എന്നിവരുടെ 230 ലധികം ആര്‍ട്ട് വര്‍ക്കുകളാണ് മോഡേണ്‍ ആര്‍ട്ട് ഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കലാകാരന്മാര്‍, ആര്‍ട്ട് കളക്ടര്‍മാര്‍, ഗാലറികള്‍ എന്നിവയില്‍നിന്ന് ആര്‍ട്ട് വര്‍ക്കുകള്‍ വാങ്ങിയതും ചിലത് കലാകാരന്‍മാര്‍ സംഭാവന നല്‍കിയതുമാണ്. 1993-ല്‍ അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ആണ് ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പാവ മ്യൂസിയത്തില്‍ 150 തരത്തിലുള്ള പാവകള്‍ ഉണ്ട്. ഇന്ത്യയിലെ വിവിധ സാംസ്‌കാരിക ശൈലിയിലുള്ള നൃത്തരൂപങ്ങള്‍ ഇവയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ പൈതൃകം അടുത്തറിയാന്‍ ഒരുതവണ എങ്കിലും കാണേണ്ടതാണ് കൊച്ചിയിലെ കേരള ഹിസ്റ്ററി മ്യൂസിയം.
0