നവംബര്‍ 26 – ഇന്ത്യന്‍ ഭരണഘടനാ ദിനം
ഒരു ജനാധിപത്യ രാജ്യത്തിലെ അടിസ്ഥാന നിയമ സംഹിതയാണ് ഭരണഘടന എന്നു പറയുന്നത്. ഭരണഘടനകളെ ലിഖിത ഭരണഘടനയെന്നും അലിഖിത ഭരണഘടനയെന്നും രണ്ടായി തരം തിരിക്കാവുന്നതാണ്. നിലവിലുള്ള ലിഖിത ഭരണഘടനകളില്‍ ഏറ്റവും ബൃഹത്തായ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന. ഡോ. ബി. ആര്. അംബേദ്കറാണ് ഇന്ത്യയുടെ ഭരണഘടനാ ശില്പി. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണം എന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് എം. എന്‍. റോയ് ആയിരുന്നു.1947 -ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യയിലെ ജനങ്ങളുടെ സ്വസ്ഥ ജീവിതം ഉറപ്പാക്കാനായി ഒരു നിയമവ്യവസ്ഥ തയ്യാറാക്കേണ്ടത് അനിവാര്യമായി വന്നു.അങ്ങനെയാണ് ഇന്ത്യയെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. 2 വര്‍ഷവും പതിനൊന്നു മാസവും പതിനേഴ് ദിവസവും കൊണ്ട് ഭരണഘടനാ നിര്‍മാണ സഭയാണ് ഇന്ത്യന്‍ ഭരണഘടന തയാറാക്കിയത്. 1946 നവംബറിലാണ് ഭരണഘടനാ നിര്‍മാണ സഭ രൂപീകൃതമായത്.ഭരണഘടനയുടെ കരട് തയാറാക്കുന്നതിനുവേണ്ടി 1947 ആഗസ്റ്റ് 29ന് ഏഴംഗങ്ങളുള്ള ഒരു കമ്മിറ്റി രൂപീകരിച്ചു. ‘ഡ്രാഫ്റ്റിംഗ് കമ്മിറ്റി‘ എന്നറിയപ്പെട്ട ഈ കമ്മിറ്റിയുടെ ചെയര്മാന് ഡോ. ബി. ആര്. അംബേദ്കര്‍ ആയിരുന്നു. എന്‍. ഗോപാലസ്വാമി, അല്ലാഡി കൃഷ്ണസ്വാമി, കെ. എം. മുന്‍ഷി, സായിജോ സദുല്ല, എന്‍. മാധവ റാവു, ഡി. പി. ഖൈതാന്‍ എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. വിവേചനങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയ നേതാവും പത്രപ്രവര്‍ത്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്നു ഡോ. ബി. ആര്. അംബേദ്കര്‍. അദ്ദേഹം ഭരണഘടനയുടെ അന്തിമ കരട് രേഖ ഭരണഘടനാ അസം ബ്ലിയില്‍ അവതരിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി കൂടിയായിരുന്നു അദ്ദേഹം.
പ്രേം ബിഹാരി നരെയ്ന് റെയ്സ്ദയാണ് ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്. എന്നാല്‍ ഭരണഘടനയുടെ നക്കല്‍ തയ്യാറക്കിയത് ബി. എന്‍. റാവു ആണ്. ചിത്രകാരന് നന്ദലാല്‍ ബോസാണ് ഭരണഘടനയുടെ കവര്‍പേജ് തയ്യാറാക്കിയത്. 1950 ജനുവരി 26 നാണ് ഇന്ത്യന്‍ ഭരണഘടന (Indian Constitution) പ്രാബല്യത്തില്‍ വന്നത്. ഈ ദിവസത്തോടുള്ള ആദരസൂചകമായി എല്ലാ വര്‍ഷവും ജനുവരി 26 റിപ്പബ്ലിക് ദിനമായി (Republic Day) ആചരിച്ചു വരുന്നു.ഭരണഘടന സ്വീകരിക്കപ്പെട്ട നവംബര്‍ 26 ഇന്ത്യയില്‍ ദേശീയ ഭരണഘടനാ ദിനവും, ദേശീയ നിയമ ദിനവുമായി ആചരിച്ചുവരുന്നു.ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന സമയത്ത് 395 അനുഛേദങ്ങളും (article),8 പട്ടികകളും (schedule), 22 ഭാഗങ്ങളും (part)ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് 445 ആര്‍ട്ടിക്കിളുകളും,12 പട്ടികകളും, 25 ഭാഗങ്ങളുമായി വികസിച്ചിരിക്കുന്നു. നിരവധി ആര്‍ട്ടിക്കിളുകള്‍ ഉള്‍കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനയിലെ പ്രധാനപ്പെട്ട ചില ആര്‍ട്ടിക്കിളുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ആര്‍ട്ടിക്കിള്‍ 1-4 ഉള്‍ക്കൊള്ളുന്നത് യൂണിയനും ഭൂപ്രദേശവുമാണ്. ആര്‍ട്ടിക്കിള്‍ 1 അനുസരിച്ച് ഇന്ത്യ ഒരു യൂണിയന് ഓഫ് സ്റ്റേറ്റ്സ് ആവുന്നു. ഏകാത്മക (ക്വാസി ഫെഡറല്‍) സ്വഭാവം ഉള്‍കൊള്ളുന്ന ഫെഡറല്‍ ഭരണഘടനയാണ് ഇന്ത്യയുടേത്. ആര്‍ട്ടിക്കിള്‍ 5-11 പ്രതിപാദിക്കുന്നത് പൗരത്വത്തെ കുറിച്ചാണ്. ഏക പൗരത്വമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഈ ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ബ്രിട്ടനില്‍ നിന്നുമാണ്.
ചോദ്യങ്ങളും ഉത്തരങ്ങളും
1.ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്?
-ഡോ. ബി. ആര്. അംബേദ്കര്‍
2.ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിനം?
–1950 ജനുവരി 26
3.ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ് ഇന്ത്യന്‍ ഭരണഘടന രൂപംകൊണ്ടത്?
-ബ്രിട്ടീഷ് ഭരണഘടന
0