സെപ്റ്റംബര്‍ 21- ശ്രീ നാരായണ ഗുരു സമാധി

‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന കാലാതിവര്‍ത്തിയായ മഹദ് സന്ദേശം മാനവരാശിക്ക് പകര്‍ന്നു നല്‍കിയ സന്ന്യാസി ശ്രേഷ്ഠനും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായ ശ്രീ നാരായണ ഗുരുവിന്റെ (Sree Narayana Guru) സമാധി ദിനമായി ഈ വര്‍ഷം സെപ്റ്റംബര്‍ 21 ആഘോഷിക്കപ്പെടുകയാണ്.1928 സെപ്റ്റംബര്‍ ഇരുപതാം തീയതി വര്‍ക്കലയിലെ ശിവഗിരിയില്‍ വച്ചാണ് ഗുരുദേവന്‍ സമാധിയടഞ്ഞത്. ശ്രീ നാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്റെ പ്രവാചകനായിരുന്നു. കേരളത്തില്‍ അന്ന് നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മക്കെതിരെയും തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകള്‍ക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു.ജാതിവ്യവസ്ഥയ്‌ക്കെതിരായും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനു ഗുരു നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഗുരുവിന്റെ ഉദ്‌ബോധനവും അതുണര്‍ത്തിവിട്ട സാമൂഹിക മുന്നേറ്റങ്ങളുമാണ് കേരളത്തെ പ്രബുദ്ധതയിലേക്ക് ഉയര്‍ത്തിയത്. തന്റെ ജീവിതം കൊണ്ട് മഹാ വിപ്ലവം തീര്‍ത്ത ആ മഹദ് വ്യക്തിത്വത്തെ ആദരപൂര്‍വം സ്മരിക്കുന്നതിനും അദ്ദേഹം മുന്നോട്ടുവച്ച പുരോഗമനാശയങ്ങള്‍ മനസ്സിലുറപ്പിക്കുന്നതിനുമാവട്ടെ ഈ ദിനം.