മരൂഭൂമിയിലെ കപ്പല്‍

മരുഭൂമികളില്‍ മനുഷ്യന്റെ ഏറ്റവും വലിയ സഹായിയായ മൃഗമാണ് ഒട്ടകം. ഒട്ടകങ്ങളില്‍ പ്രധാനമായും രണ്ടിനങ്ങളാണ് ഉള്ളത്. മുതുകില്‍ ഒറ്റ മുഴയുള്ള അറേബ്യന്‍ ഒട്ടകവും രണ്ടു മുഴകളുള്ള ബാക്ട്രിയ ഒട്ടകവും. ഇന്ത്യ, അറേബ്യ, ആഫ്രിക്ക എന്നിവിടങ്ങളിലുള്ളത് അറേബ്യന്‍ ഒട്ടകമാണ്. മധ്യേഷ്യയിലാണ് ഇരട്ടമുഴയുള്ള ബാക്ട്രിയന്‍ ഒട്ടകങ്ങളെ കാണുന്നത്. ഇവ എണ്ണത്തില്‍ കുറവാണ്. അറേബ്യന്‍ ഉപദ്വീപ്, ഇറാന്‍, വടക്ക് കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ മരുഭൂമികളിലും അര്‍ദ്ധ മരുഭൂമി പ്രദേശങ്ങളിലുമാണ് ഒട്ടകങ്ങളെ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.ദാഹിക്കുന്ന ഒരു ഒട്ടകത്തിന് വെറും പതിമൂന്ന് മിനിറ്റിനുള്ളില്‍ 100 ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ കഴിയും. എന്നാല്‍, മരുഭൂമിയിലെ കഠിനമായ ചൂടിലും ആഴ്ചകളോളം വെള്ളമില്ലാതെ അതിജീവിക്കാനുള്ള പ്രത്യേക കഴിവും ഒട്ടകങ്ങള്‍ക്കുണ്ട്. ഒട്ടകങ്ങള്‍ അതിന്റെ പുറത്തെ മുഴയില്‍ കൊഴുപ്പ് സൂക്ഷിക്കുകയും പിന്നീട് ഭക്ഷണമില്ലാത്ത സാഹചര്യത്തില്‍ ഈ കൊഴുപ്പ് ഉപയോഗിച്ച്
അതിജീവിക്കുകയും ചെയ്യുന്നു. അടുത്തിടെ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനത്തില്‍ ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതില്‍ ഒട്ടകങ്ങളുടെ വൃക്കകളും പ്രധാന പങ്ക് വഹിക്കുന്നതായി കണ്ടെത്തി.ശരീരഭാരത്തിന്റെ 40% വരെ ജലനഷ്ടം സഹിക്കാന്‍ ഒട്ടകങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. മണലില്‍ പുതഞ്ഞ് പോകാത്ത പരന്ന പാദങ്ങളും, രണ്ടു നിര പീലികളുള്ള കണ്‍പോളകളും, ആവശ്യാനുസൃതം തുറക്കാനും അടയ്ക്കാനും കഴിവുള്ള നാസാദ്വാരങ്ങളും മരുഭൂമിയിലെ സാഹചര്യങ്ങള്‍ക്ക് ഇവയെ സജ്ജരാക്കുന്നു.


ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ ദൈനംദിന ജീവിതത്തില്‍ സഹായിക്കുന്ന ഒരു മൃഗമാണ് ഒട്ടകം.നിലമുഴുന്നതിനു മുതല്‍ ഭാരം വലിക്കുന്നതിനു വരെ ഒട്ടകങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്. ഭാരം ചുമക്കുന്നതിനും പാല്‍, മാംസം, സവാരി തുടങ്ങിയ ആവശ്യങ്ങള്‍ക്കുമാണ് ആളുകള്‍ ഒട്ടകങ്ങളെ പ്രധാനമായും ഉപയോഗിക്കുന്നത്.
വടക്കേ അമേരിക്കയില്‍നിന്നും ധാരാളം ഫോസിലുകള്‍ ഒട്ടകത്തിന്റെതായി ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നീണ്ട കഴുത്തുള്ളവയും കുറുകിയ കഴുത്തുള്ളവയുമുണ്ട്. ഒട്ടകത്തിന് ഏതാണ്ട് 3.25 മീറ്റര്‍ വരെ പൊക്കമുണ്ടാകും. വാലിന് അര മീറ്റര്‍ നീളം കാണും. പെണ്‍ഒട്ടകം ആണിനേക്കാള്‍ ചെറുതാണ്. അമ്മ ഒട്ടകം ഒരു തവണ ഒരു കുഞ്ഞിനാണ് ജന്മം നല്‍കാറ്. 3-4 വയസ്സാകുന്നതുവരെ അമ്മയോടൊപ്പം തന്നെയാണ് കുഞ്ഞുങ്ങള്‍. ഒട്ടകക്കുഞ്ഞിന് മുതുകിലെ മുഴ ഉണ്ടാവില്ല. ഇന്ത്യയില്‍ രാജസ്ഥാനില്‍ ഒട്ടകങ്ങള്‍ ധാരാളമുണ്ട്. പണ്ടുകാലത്ത് രജപുത്രരാജാക്കന്മാര്‍ക്ക് ഒട്ടക സൈന്യങ്ങളുണ്ടായിരുന്നു.

ചോദ്യങ്ങളും ഉത്തരങ്ങളും

1.മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്നത്?
-ഒട്ടകം

2.കുവൈറ്റിന്റെ ദേശീയ മൃഗം?
-ഒട്ടകം

3.ഒട്ടകത്തിന്റെ ശാസ്ത്രീയ നാമം?
-കാമലസ്‌