ടെക്നോപാര്‍ക്ക് – സാങ്കേതികവിദ്യാസംരംഭങ്ങള്‍ ഒരു കുടക്കീഴില്‍
സ്വയംതൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ, കേരള സര്‍ക്കാര്‍ ആരംഭിച്ച വ്യാവസായിക പാര്‍ക്കാണ് ടെക്‌നോ പാര്‍ക്ക്. ഇലക്ട്രോണിക്‌സ്,വിവരസാങ്കേതിക വിദ്യ രംഗങ്ങളില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ വ്യാവസായിക പാര്‍ക്കാണ് തിരുവനന്തപുരത്തു സ്ഥിതി ചെയുന്ന ടെക്‌നോ പാര്‍ക്ക്. 1990-ല്‍ നിലവില്‍വന്നുവെങ്കിലും 1994 മുതല്‍ക്കാണ് പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിച്ചത്. കേരള സര്‍ക്കാരിന്റെ വ്യവസായവകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക്‌സ് ടെക്‌നോളജി പാര്‍ക്ക്‌സ് കേരളയാണ് ടെക്‌നോപാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവില്‍, 350 ഓളം ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്‌നോപാര്‍ക്കില്‍ ആറ് ദശലക്ഷം ചതുരശ്ര അടി കെട്ടിടസമുച്ചയങ്ങളുണ്ട്. 250 -ഓളം വിവര സാങ്കേതിക അനുബന്ധ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഏകദേശം 6500-ല്‍ പരം ആളുകള്‍ ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്.
കെല്‍ട്രോണിന്റെ ആദ്യത്തെ ചെയര്‍മാന്‍, കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറി എന്നീ നിലകളില്‍ ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ കെ.പി.പി. നമ്പ്യാര്‍ എന്ന ഇലക്ട്രോണിക്‌സ് വിദഗ്ദ്ധനാണ് ടെക്‌നോപാര്‍ക്ക് എന്ന ആശയം രൂപപ്പെടുത്തുന്നത്. 1990 ജൂലൈ മാസത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാരും വ്യവസായമന്ത്രിയായിരുന്ന കെ.ആര്‍. ഗൗരിയമ്മയും പിന്തുണ നല്‍കിയതോടെ ടെക്‌നോപാര്‍ക്ക് എന്ന ആശയം കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മുന്നാട്ടു പോവുകയായിരുന്നു. ഉന്നത സാങ്കേതിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക, അത്തരം കമ്പനികള്‍ക്ക് വികസിക്കുവാനാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുക എന്നിവയായിരുന്നു പ്രാഥമിക ലക്ഷ്യങ്ങള്‍. സോഫ്റ്റ്വേര്‍ ഉല്പാദനത്തിനു വേണ്ടി ടെക്‌നോപാര്‍ക്കിനുള്ളില്‍ അനവധി കെട്ടിടങ്ങളുണ്ട്. കേരളത്തിലെ നദികളുടെ പേരിട്ടിരിക്കുന്ന കെട്ടിടങ്ങളായ പമ്പ, പെരിയാര്‍, നിള, ചന്ദ്രഗിരി, ഗായത്രി, ഭവാനി, തേജസ്വിനി എന്നിവ ടെക്‌നോപാര്‍ക്കിന്റെ അധീനതയിലുള്ളതാണ്.
രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ഒട്ടേറെ ഐടി കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം ഇവിടേക്ക് വ്യാപിപ്പിച്ചു. ഐടി രംഗത്തെ ഭീമന്‍മാരായ ഇന്‍ഫോസിസ്, ടാറ്റ കള്‍സട്ടന്‍സി സര്‍വീസസ്, ഒറാക്കിള്‍ കോര്‍പ്പറേഷന്‍, ഐ.ടി.സി. ഇന്‍ഫൊടെക്, യു. എസ്. ടെക്‌നോളജി, ഐ.ബി.എസ്. സോഫ്റ്റ്‌വെയര്‍ സര്‍വീസസ് തുടങ്ങിയവരെല്ലാം
ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, കേരള ഏഷ്യന്‍ സ്‌കൂള്‍ ബിസിനസ് തുടങ്ങിയവയും ടെക്നോപാര്‍ക്ക് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഞ്ജീവ് നായരാണ് ടെക്നോപാര്‍ക്കിന്റെ ഇപ്പോഴത്തെ സിഇഒ.
ചോദ്യങ്ങളും ഉത്തരങ്ങളും
1.ടെക്‌നോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന ജില്ല?
-തിരുവനന്തപുരം
2.ഇപ്പോഴത്തെ ടെക്‌നോപാര്‍ക്ക് സിഇഒ?
-സഞ്ജീവ് നായര്‍
3.ടെക്‌നോപാര്‍ക്ക് സ്ഥാപിതമായ വര്‍ഷം?
–1990
0