എന്താണ് ഗാര്‍ഹിക പീഡന നിരോധന നിയമം?
ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം അഥവാ ഡൊമസ്റ്റിക് വയലന്‍സ്. കുടുംബത്തിനകത്തോ കുടുംബവുമായി ബന്ധപ്പെട്ടോ സംഭവിക്കുന്ന ഏതുതരം അക്രമത്തെയും ഗാര്‍ഹിക പീഡനമായി കാണാം.
സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം കുടുംബമാണ് എന്നതാണ് നമ്മുടെ പരമ്പരാഗത സങ്കല്പമെങ്കിലും സ്ത്രീകള്‍ ഏറ്റവുമധികം പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ഇടങ്ങളിലൊന്ന് കുടുംബമാണ് എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിലെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളിലൊന്നായി ഗാര്‍ഹിക പീഡനം മാറിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീകള്‍ അവരുടെ ഭര്ത്താക്കന്മാരില്നിന്ന് മാത്രമല്ല അടുത്ത ബന്ധുക്കളില്‍ നിന്നും ശാരീരികവും മാനസികവുമായ അക്രമം അനുഭവിക്കുന്നു. സ്ത്രീകള്‍ക്ക് പുറമേ, പുരുഷന്മാരും ഇന്ത്യയില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും നിയമം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. സ്ത്രീകള്‍ക്ക് എതിരെയുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ 2006 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന നിയമമാണ് ഗാര്‍ഹിക പീഡന നിരോധന നിയമം (Protection of Women from Domestic Violence Act).
ഗാര്‍ഹിക പീഡന പരിധിയില്‍ വരുന്നത് എന്തെല്ലാം?
പരാതിക്കാരിയുടെ സുരക്ഷയെ അപായപ്പെടുത്തുന്ന തരത്തിലുള്ള എതിര് കക്ഷിയുടെ ഏതൊരു പ്രവൃത്തിയും ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരും. ഇതില്‍ ശാരീരികമോ വൈകാരികമോ മാനസികമോ ലൈംഗികമോ സാമ്പത്തികമോ ആയ അതിക്രമങ്ങള്‍ ഉള്‍പ്പെടുന്നു. സ്ത്രീധനത്തിനോ, സ്വത്തിനോ, നിയമവിരുദ്ധമായ എന്തെങ്കിലും ആവശ്യം സാധിക്കുന്നതിനോ പരാതിക്കാരിയെയോ, അവരുമായി ബന്ധമുള്ള മറ്റാരെയെങ്കിലെയുമോ എതിര്‍കക്ഷി നിര്‍ബന്ധിക്കുകയോ, പീഡിപ്പിക്കുകയോ, അപകടത്തിലാക്കുകയോ ചെയ്യുന്നതും പരാതിക്കാരിയെ ശാരീരികമോ, മാനസികമോ ആയി മുറിവേല്‍പ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നതും ഗാര്‍ഹികാതിക്രമമായി കണക്കാക്കും. സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും ഗാര്‍ഹിക പീഡന പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. രാജ്യത്ത് സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി സംരക്ഷിക്കാനാണ് ഗാര്‍ഹിക പീഡന നിരോധന നിയമം ലക്ഷ്യമിടുന്നത്. ഈ നിയമ പ്രകാരമുള്ള പരാതികള്‍, നിയമം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കോ, പോലീസിനോ, മജിസ്ട്രേറ്റിന് മുന്‍പാകെ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ അംഗീകാരമുള്ള സേവന ദാതാക്കളായ സന്നദ്ധ സംഘടനകള്‍ പോലുള്ള സംവിധാനങ്ങള്‍ വഴിയും പരാതി നല്കാന് കഴിയും.
ചോദ്യങ്ങളും ഉത്തരങ്ങളും
1. ഗാര്‍ഹിക പീഡന നിരോധന നിയമം പാര്‍ലമെന്റ് പാസ്സാക്കിയ വര്‍ഷം?
– 2005
2. ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ ആര്?
– സ്ത്രീകളും കുട്ടികളും
3. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ഏത്?
– നവംബര്‍ 25
4. സതി നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം?
– 1829
0