സ്ത്രീകളുടെ സ്വന്തം കമ്മീഷന്‍
സ്ത്രീകള്‍ക്ക് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനും, നിലവിലുള്ള നിയമങ്ങള്‍ പുനഃപരിശോധിക്കുകയും ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതിനും, സ്ത്രീകളുടെ പരാതികളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനും വേണ്ടി 1990-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ വിമെന്‍ ആക്ടിനു കീഴില്‍ 1992 ജനുവരി 31-ന് നിലവില്‍ വന്ന കമ്മീഷനാണ് ദേശിയ വനിതാ കമ്മീഷന്‍. ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ വിലയിരുത്തുന്ന സമിതി ആയ ‘ദി കമ്മിറ്റി ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വിമന്‍ ഇന്‍ ഇന്ത്യ’ (സി എസ് ഡബ്ല്യു ഐ) കാലങ്ങള്‍ക്കു മുമ്പു തന്നെ, പരാതികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താനും സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക വികാസത്തിന് ഗതിവേഗം നല്‍കാനുമായി ഒരു ദേശീയ വനിതാ കമ്മീഷന്‍ രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്യുകയുണ്ടായി. എല്ലാ സംസ്ഥാനങ്ങളിലും വനിതാ കമ്മീഷന്റെ സേവനം ലഭ്യമാണ്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് ദേശിയ വനിതാ കമ്മീഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ എടുക്കുന്നതിനും സ്ത്രീകള്‍ക്കായുള്ള ഭരണഘടനാ വ്യവസ്ഥകളും നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും വനിതാ കമ്മീഷന് അധികാരമുണ്ട്. സ്ത്രീകള്‍ക്ക് പരമാവധി നീതി ഉറപ്പുവരുത്തുക, അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നതാണ് കമ്മിഷന്റെ ചുമതല. ഇന്ത്യയിലെ വനിതകളുടെ അവകാശങ്ങളെ പ്രതിനിധാനം ചെയ്യുക, അവരുടെ പ്രശ്‌നങ്ങള്‍ക്കും ആശങ്കകള്‍ക്കും ശബ്ദം നല്‍കുക എന്നിവയാണ് വനിതാ കമ്മീഷന്റെ പ്രധാന ഉത്തരവാദിത്വങ്ങള്‍. തൊഴിലുകളില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാതിനിധ്യം, സ്ത്രീ തൊഴിലാളികളുടെ ചൂഷണം തുടങ്ങിയ വിഷയങ്ങള്‍ കമ്മീഷന്റെ പ്രചാരണ പരിപാടികളില്‍ ഉള്‍പ്പെടുന്നു.ദേശീയ വനിതാ കമ്മീഷന്‍ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. ചെയര്‍പേഴ്‌സണും അഞ്ച് അംഗങ്ങളുമാണ് കമ്മീഷനിലുള്ളത്. മൂന്നുവര്‍ഷമോ 65 വയസ്സോ ഏതാണോ ആദ്യം അതാണ് ഒരംഗത്തിന്റെ കാലാവധി. ആദ്യ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ജയന്തി പട്‌നായിക് ആയിരുന്നു. ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ ശ്രീമതി രേഖ ശര്‍മ. അഡ്വ. കെ. സതീദേവിയാണ് കേരള വനിതാ കമ്മീഷന്റെ ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍. തിരുവനന്തപുരമാണ് കേരള വനിതാ കമ്മീഷന്റെ ആസ്ഥാനം.
ചോദ്യങ്ങളും ഉത്തരങ്ങളും
1. ദേശീയ വനിതാ കമ്മീഷന്‍ രൂപവത്കരിച്ചത്?
–1992 ജനുവരി 31
2. ദേശീയ വനിതാ കമ്മീഷന്‍ രൂപവത്കരിക്കാന്‍ കാരണമായ നിയമം?
-നാഷണല്‍ കമ്മീഷന്‍ ഫോര്‍ വിമെന്‍ ആക്ട് (1990)
3. ദേശീയ വനിതാ കമ്മീഷന്റെ ആസ്ഥാനം?
– ന്യൂഡല്‍ഹി (നിര്‍ഭയ ഭവന്‍)
0