എഴുത്തിന്റെ ലോക പുരസ്‌കാരം

നോബല്‍ സമ്മാനം കഴിഞ്ഞാല്‍ ഒരു സാഹിത്യ കൃതിക്ക് നല്‍കപ്പെടുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ് ഫോര്‍ ഫിക്ഷന്‍ (The Man Booker Prize for Fiction) അഥവാ ബുക്കര്‍ പ്രൈസ്. എല്ലാ വര്‍ഷവും കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളില്‍നിന്നോ അല്ലെങ്കില്‍ അയര്‍ലന്റ്, സിംബാബ്വെ എന്നീ രാജ്യങ്ങളില്‍നിന്നോ ഉള്ള ഇംഗ്ലീഷ് ഭാഷയില്‍ നോവല്‍ എഴുതുന്ന ഒരു വ്യക്തിക്ക് ബുക്കര്‍ പ്രൈസ് നല്‍കി വരുന്നു. 1969 മുതലാണ് ബുക്കര്‍ പുരസ്‌കാരം നല്‍കി തുടങ്ങിയത്. 50000 പൗണ്ടും ട്രോഫിയുമാണ് വിജയിക്ക് ലഭിക്കുക. ബ്രിട്ടീഷ് കമ്പനിയായ ബുക്കര്‍ മക്കോണല്‍ ലിമിറ്റഡ് ആണ് ഈ പുരസ്‌ക്കാരത്തിന്റെ ഉപജ്ഞാതാക്കള്‍. പിന്നീട് മറ്റൊരു ബ്രിട്ടീഷ് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ മാന്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ഷിപ് നല്‍കിത്തുടങ്ങിയതോടെ മാന്‍ ബുക്കര്‍ പ്രൈസ് എന്ന് അറിയപ്പെട്ടു തുടങ്ങി.
മാന്‍ ബുക്കര്‍ പ്രൈസും അന്താരാഷ്ട്ര ബുക്കര്‍ പ്രൈസും ( International Booker Prize) തമ്മില്‍ വ്യത്യാസമുണ്ട്. അന്താരാഷ്ട്ര ബുക്കര്‍ പ്രൈസ് മറ്റു ഭാഷകളിലെഴുതി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ കൃതികള്‍ക്കുള്ളതാണ്. യുകെയിലോ അയര്‍ലന്‍ഡിലോ പ്രസിദ്ധീകരിച്ചതായിരിക്കണം കൃതികള്‍ എന്ന വ്യവസ്ഥയുണ്ട്. ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകയാണ് (Shehan Karunatilaka) 2022 – ലെ ബുക്കര്‍ പ്രൈസിനു അര്‍ഹനായത്. ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന തന്റെ രണ്ടാം നോവലാണ് 47 വയസ്സുകാരനായ ഷെഹാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോഗ്രാഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന നോവലാണ് ഇത്.

ചിത്രത്തിന് കടപ്പാട് ഗൂഗിൾ

മാന്‍ ബുക്കര്‍ സമ്മാനത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയാണ് അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍) എന്ന കൃതിക്ക് 1997-ലെ ബുക്കര്‍ പുരസ്‌കാരം ലഭിച്ചു. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണിത്. ആ വര്‍ഷം ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്.  24 ഭാഷകളിലേക്ക് നോവല്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു. 2011 ജനുവരിയില്‍ നോവലിന്റെ പ്രിയ. എ. എസ് തയ്യാറാക്കിയ മലയാള പരിഭാഷ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്നപേരില്‍ ഡി.സി. ബുക്‌സ് പ്രസിദ്ധപ്പെടുത്തി.

ചോദ്യങ്ങളും ഉത്തരങ്ങളും

1. ബുക്കര്‍ പ്രൈസ് ആദ്യമായി നല്‍കിയ വര്‍ഷം
   1969
2. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും അയര്‍ലന്റിലെയും എഴുത്തുകാര്‍ക്കായി നല്‍കുന്ന സാഹിത്യ സമ്മാനം ?
  ബുക്കര്‍ പ്രൈസ്
3. ആദ്യത്തെ ബുക്കര്‍ പ്രൈസ് ലഭിച്ചത് ആര്‍ക്ക് ?
 പി. എച്ച്. ന്യൂബി (1969)
4. ബുക്കര്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വനിത ഒരു മലയാളിയാണ്. ആരാണത് ?
 അരുന്ധതി റോയ് (1997)
5.അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത കൃതി ഏത് ?
  ഗോഡ് ഓഫ് സ്മോള്‍ തിങ്‌സ്