പൊറ്റെക്കാട്ട് – മലയാള യാത്രാവിവരണത്തിന്റെ തലതൊട്ടപ്പന്‍

1913 മാര്‍ച്ച് 14-ന് കോഴിക്കോടു നഗരത്തിലെ പുതിയറയില്‍ ആണ് ശങ്കരന്‍കുട്ടി പൊറ്റെക്കാട്ട് എന്ന എസ്.കെ. പൊറ്റെക്കാട്ട് ജനിച്ചത്. അധ്യാപകനായിരുന്ന കുഞ്ഞിരാമനും കിട്ടൂലിയുമായിരുന്നു മാതാപിതാക്കള്‍.

മലയാളത്തിനു ഏറെക്കുറെ നവീനമായിരുന്ന യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ തുടര്‍ച്ചയായി കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെയാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സുബാഷ് ചന്ദ്രബോസിനോടൊത്ത് പ്രവര്‍ത്തിക്കാനായി മാതൃഭൂമിയിലെ ജോലി അദ്ദേഹം രാജിവച്ചു. പിന്നീട് അദ്ദേഹം കുറച്ചുകാലം മുംബൈയില്‍ താമസിച്ച് തിരിച്ച് നാട്ടിലെത്തി. ആ വര്‍ഷം തന്നെ ‘നാടന്‍പ്രേമം’ എന്ന കൃതി എഴുതി പ്രസിദ്ധീകരിച്ചു. ഈ കാലത്ത് ‘അരുണന്‍’ എന്ന തൂലികാനാമത്തില്‍ നിരവധി ഹാസ്യവിമര്‍ശനങ്ങളും അദ്ദേഹം എഴുതാറുണ്ടായിരുന്നു.

1949-ലായിരുന്നു എസ്.കെയുടെ ആദ്യത്തെ ആഫ്രിക്കന്‍ യാത്ര. വിദൂര രാജ്യങ്ങളിലെ ജീവിതരീതികളും കാഴ്ചകളും എസ്.കെ യുടെ കൃതികളിലൂടെ വായിച്ചറിഞ്ഞ് വായനക്കാര്‍ അദ്ഭുതപ്പെട്ടു. സഞ്ചാരസാഹിത്യത്തിന്റെ സുവര്‍ണ്ണകാലം ആയിരുന്നു അത്. ‘നൈല്‍ ഡയറി’, ‘ക്ലിയോപാട്രയുടെ നാട്ടില്‍’, ‘കാപ്പിരികളുടെ നാട്ടില്‍’, ‘സിംഹഭൂമി കാശ്മീര്‍’, ‘ബാലിദ്വീപുകള്‍’ തുടങ്ങി നിരവധി സഞ്ചാരസാഹിത്യകൃതികള്‍ ഈ കാലഘട്ടത്തില്‍ അദ്ദേഹം രചിച്ചു.

ചിത്രത്തിന് കടപ്പാട് ഗൂഗിൾ

1957-ല്‍ തലശ്ശേരി മണ്ഡലത്തില്‍നിന്നും ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജിതനായി. എന്നാല്‍ 1962-ല്‍ വിജയിച്ച് എം.പിയായി.
‘ഒരു തെരുവിന്റെ കഥ’ എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1961), ‘ഒരു ദേശത്തിന്റെ കഥ’യ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1972) ലഭിച്ചു. 1980-ല്‍ ഇതേ കൃതിയ്ക്ക് ജ്ഞാനപീഠം നല്‍കി രാജ്യം എസ്.കെ പൊറ്റെക്കാട്ടിനെ ആദരിച്ചു.
മസ്തിഷ്‌ക്കാഘാതത്തെത്തുടര്‍ന്ന് 1982 ഓഗസ്റ്റ് 6-ന് കോഴിക്കോടുവെച്ചായിരുന്നു പൊറ്റെക്കാട്ടിന്റെ അന്ത്യം. 2003 ഒക്ടോബര്‍ 9-ന് മഹാനായ ആ സഞ്ചാരസാഹിത്യകാരന്‍ ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ ഇടം നേടി.

ചോദ്യങ്ങളും ഉത്തരങ്ങളും

1. എസ്. കെ. പൊറ്റെക്കാട്ട് ജനിച്ച വര്‍ഷം?
1913
2. എസ്. കെ. പൊറ്റെക്കാട്ടിന് ജ്ഞാനപീഠം ലഭിച്ച വര്‍ഷം?
1980
3. എസ്. കെ. പൊറ്റെക്കാട്ടിനെ ജ്ഞാനപീഠത്തിനര്‍ഹനാക്കിയ കൃതി?
ഒരു ദേശത്തിന്റെ കഥ